
തൃശൂർ : തൃശൂർ കോർപ്പറേഷനിൽ (Thrissur Corporation ) ബജറ്റ് (Budget)അവതരണം തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലനാണ് തടസ്സവാദം ഉന്നയിച്ച് ആദ്യം പ്രസംഗം തുടങ്ങിയത്. ബജറ്റ് അവതരണത്തിനായി കൗൺസിൽ യോഗം കൂടിയ ഉടൻ തന്നെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി കൗൺസിൽ ഹാളിലേക്ക് ഇറങ്ങുകയായിരുന്നു. മേയറുടെ ചേമ്പറിൽ കയറിയാണ് കോൺഗ്രസിന്റെ പ്രതിഷേധം. ഇതോടെ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി. ബജറ്റ് കീറിയെറിഞ്ഞു. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്.
ലോകായുക്ത ഓർഡിനൻസിൽ എതിർപ്പറിയിച്ച് സിപിഐ, ബിൽ വരുമ്പോൾ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനക്കെത്തിയത്. ലോകായുക്ത ഓർഡിനൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമാണെന്നാണ് നിയമ മന്ത്രി അറിയിച്ചത്. ഓർഡിനൻസിന്മേലുള്ള എതിർപ്പ് മന്ത്രിസഭാ യോഗത്തിൽ സിപിഐ അറിയിച്ചു. വിഷയത്തിൽ സിപിഐക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്നാണ് മന്ത്രി കെ രാജൻ വ്യക്തമാക്കിയത്. എന്നാൽ ബിൽ വരുമ്പോൾ ചർച്ച ആകാമെന്നായിരുന്നു മുഖ്യമന്ത്രിയും നിയമ മന്ത്രിയും നൽകിയ മറുപടി. ഇതിനോട് സിപിഐ യോജിച്ചു.
നേരത്തെ ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമർശിച്ചിരുന്നു. ഇതോടെ ഓർഡിനൻസ് അംഗീകരിച്ചതിന് ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കി. തർക്കത്തിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തുമെന്നറിയിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. ഇന്ന് വീണ്ടും വിഷയം മന്ത്രി സഭാ പരിഗണനയിൽ വന്നപ്പോഴാണ് സിപിഐ എതിർപ്പ് വ്യക്തമാക്കിയത്.