
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ച് കോൺഗ്രസ്. തർക്കം രൂക്ഷമായിരുന്ന കണ്ണൂരിൽ മുൻ മേയർ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചു പറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും. നേമത്ത് ശബരീനാഥനും, ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാവും. വാമനപുരം- സുധീർ ഷാ പാലോട്, നെയ്യാറ്റിൻകര -എൻ ശക്തൻ, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ പൗലോസ്, ഏറ്റുമാനൂർ- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിർദേശങ്ങൾ. അതേസമയം, അഞ്ചു മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പെരുമ്പാവൂരിലും ഉദുമയിലും പട്ടാമ്പിയിലും ചടയമംഗലത്തും തർക്കം തുടരുകയാണ്.
കെ സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്നായിരുന്നു കോൺഗ്രസിലെ തീരുമാനം. മാരത്തോൺ ചർച്ചയ്ക്കൊടുവിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടെടുത്തതോടെ സുധാകരന്‍റെ സമ്മർദ്ദ തന്ത്രം പാളി. പെരുമ്പാവൂർ സീറ്റുൾപ്പെടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും. മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.
തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും നല്ല സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam