2024-25 കാലയളവിൽ ഇന്ത്യൻ തീരങ്ങളിൽ 161 സമുദ്ര സസ്തനികൾ കരക്കടിഞ്ഞതായി സിഎംഎഫ്ആർഐയുടെ കണ്ടെത്തൽ. ഇതിൽ കൂടുതലും ഡോൾഫിനുകളാണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്തി സിഎംഎഫ്ആർഐ ഒരു ജിഐഎസ് അധിഷ്ഠിത മാപ്പ് വികസിപ്പിച്ചിട്ടുണ്ട്.

കൊച്ചി: ഇന്ത്യൻ തീരങ്ങളിൽ 2024-25-ൽ 161 സമുദ്ര സസ്തനികൾ കരക്കടിഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കണ്ടെത്തൽ. ഇതിൽ 113 എണ്ണം ഗോവയിലാണ്. കേരളത്തിൽ 13 റിപ്പോർട്ടുകളാണ് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച ജിഐഎസ് അധിഷ്ടിത മാപ് സിഎംഎഫ്ആർഐ വികസിപ്പിച്ചു. അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിലാണ് പഠനം അവതരിപ്പിച്ചത്. തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികൾ കരക്കടിയുന്നത് കൂടുതലായി നടക്കുന്ന തീരപ്രദേശങ്ങൾ തിരിച്ചറിയാനും സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ടായിരുന്നു സിഎംഎഫ്ആർഐയുടെ പഠനം.

സീനിയർ സയന്റിസ്റ്റ് ഡോ. രതീഷ് കുമാർ രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, കൂടുതലായി കരക്കടിഞ്ഞത് ഡോൾഫിനാണ്. 82 എണ്ണം. സിഎംഎഫ്ആർഐയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ വിദഗ്ധരും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഇന്ത്യൻ തീരങ്ങളിൽ നിന്ന് വിരവശേഖരണം നടത്തിയത്. മറൈൻ മാമൽ റിസർച്ച് ആൻഡ് കൺസർവേഷൻ നെറ്റ്വർക്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ ഡേറ്റബേസുകൾ വഴി ക്രമീകരിച്ച വിവരങ്ങൾ പഠനത്തിനായി ഉപയോഗിച്ചു. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കടൽ സസ്തനികളുടെ കരക്കടിയൽ വിവരങ്ങൾ തത്സമയം നൽകുന്ന ഇന്ററാക്ടീവം പ്ലാറ്റ്ഫോമും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്. 32 ഇനം കടൽ സസ്തനികളുമായി ബന്ധപ്പെട്ട 1,300-ഓളം ഭൗമശാസ്ത്ര വിവര പോയിന്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരക്കടിഞ്ഞ സ്ഥലം, ജീവിവർഗ്ഗം, സംഭവം നടന്ന സമയം, മരണകാരണം എന്നിവ ഇതിലൂടെ എളുപ്പത്തിൽ വിശകലനം ചെയ്യാൻ സാധിക്കും.

കാര്യക്ഷമമായ റിപ്പോർട്ടിംഗ് ശൃംഖലയിലൂടെ ഗവേഷകർക്കും നയരൂപീകരണ വിദഗ്ധർക്കും പരിസ്ഥിതി സംരക്ഷണ ഏജൻസികൾക്കും മുൻഗണനാ മേഖലകൾ തിരിച്ചറിയാനും ഭീഷണികൾ പഠിക്കാനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത് സഹായകരമാകുമെന്ന് ഡോ. രതീഷ് കുമാർ രവീന്ദ്രൻ പറഞ്ഞു. ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കുസാറ്റ് കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗം, സിഎംഎഫ്ആർഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നത്. സിമ്പോസിയം ഇന്ന് (വെള്ളി) സമാപിക്കും. സമാപന സമ്മേളനം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ കുമാർ തുമ്മല ഉദ്ഘാടനം ചെയ്യും.