
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി രാജിവച്ചു. കോർപ്പറേഷനിലേക്ക് മൽസരിക്കാൻ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്. എൻസിപിയിൽ ചേരുമെന്നും ഒല്ലൂർ ഡിവിഷനിൽ എൻസിപി ടിക്കറ്റിൽ മൽസരിക്കുമെന്നും നിമ്മി റപ്പായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞുയ കുരിയച്ചിറ ഡിവിഷൻ കൗൺസിലറായിരുന്നു നിമ്മി റപ്പായി.
എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. കോൺഗ്രസ് ചതിച്ചുവെന്നും അവസാന നിമിഷം വരെ സ്ഥാനാർഥിയാക്കാം എന്ന് പറഞ്ഞു പറ്റിക്കുകയുമായിരുന്നു. ഇനി എൽഡിഎഫിനൊപ്പം മത്സരിച്ച് കൗൺസിലിലേക്ക് തിരിച്ചുവരുമെന്നും നിമ്മി റപ്പായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിലെ വൈഷ്ണ സുരേഷിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിൽ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഎം പരാതി നൽകിയിരുന്നു. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു. സിപിഎം പരാതി അംഗീകരിച്ചു വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ വൈഷ്ണക്ക് മത്സരിക്കാൻ കഴിയില്ല. അങ്ങനെ വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസ് തീരുമാനം.