
കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനിൽ എത്തിയ പൊലീസുകാരൻ്റെ അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. സിപിഒ നവാസിനെതിരെയാണ് കേസെടുത്തത്. കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്. ആറാം തീയതി പുലര്‍ച്ചെ 2 മണിയോടെയാണ് നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി വിശ്രമമുറിയിലേക്ക് പോകുകയായിരുന്നു. പുരുഷൻമാരുടെ വിശ്രമ മുറിക്ക് സമീപത്തായിരുന്നു സീനിയര്‍ സിപിഒ നവാസ് നിന്നിരുന്നത്. ഡെപ്യൂട്ടേഷനിൽ ജോലിക്ക് എത്തിയതായിരുന്നു നവാസ്. പൊലീസ് ഉദ്യോഗസ്ഥയോടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും പൊലീസുദ്യോഗസ്ഥ നൽകിയ പരാതിയിൽ പറയുന്നു. കമ്മീഷണര്‍ക്ക് പരാതി നൽകി. വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.