
തിരുവനന്തപുരം: പുതിയ കെപിസിസി ഭാരവാഹികള്‍ക്കൊപ്പം ഡിസിസി പ്രസിഡന്‍റുമാരുടെ മാറ്റത്തിലും ചര്‍ച്ച പുനരുജ്ജീവിപ്പിച്ച് കെപിസിസി നേതൃത്വം. തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസികളിലും പുതിയ അധ്യക്ഷൻമാരെ കൊണ്ടുവരികയാണ് ലക്ഷ്യം. അതേ സമയം പുതിയ ഡിസിസി അധ്യക്ഷൻമാരെ ചൊല്ലിയുള്ള തര്‍ക്കമാണ് വെല്ലുവിളി.
നേരത്തെ പാര്‍ട്ടി പുനസംഘടനയിലും കേരളത്തിലും ദില്ലിയിലുമായി നടത്തിയ ചര്‍ച്ചക്കൊടുവിൽ ദേശീയ നേതൃത്വത്തിന് മുൻപാകെ എത്തിയത് ജംബോ പട്ടികയാണ്. ഡിസിസി പ്രസിഡന്‍റുമാരെ ചൊല്ലി തര്‍ക്കവും. ഇതോടെ വെട്ടിയൊതുക്കി തര്‍ക്കം തീര്‍ത്ത് പട്ടിക സമര്‍പ്പിക്കാൻ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു. പുതുക്കി പണിയാതെ തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത് എങ്ങനയെന്ന ചോദ്യം ഉയര്‍ന്നതോടെ ഇടവേളയ്ക്ക് ശേഷം പുനസംഘടനാ പട്ടിക നേതൃത്വം വീണ്ടുമെടുത്തു. പുതിയ ഭാരവാഹികള്‍ക്കൊപ്പം ഡിസിസി നേതൃത്വത്തിലും പുതുമുഖങ്ങള്‍ വേണമെന്നാഗ്രഹം കെപിസിസിക്കുണ്ട്. പക്ഷേ നിലവിലുള്ളവര്‍ എല്ലാവരും മാറേണ്ടെന്ന പ്രധാന നേതാക്കളുടെ അഭിപ്രായവും പുതിയ പേരുകളെ ചൊല്ലിയുള്ള തര്‍ക്കവുമാണ് വെല്ലുവിളി.
തിരുവനന്തപുരം, കോട്ടയം ഡിസിസികളിൽ പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ച പേരുകളെ ഒരു വിഭാഗം എതിര്‍ക്കുന്നു. വയനാട്ടിൽ എൻഡി അപ്പച്ചൻ രാജിവച്ചു. പാലോട് രവി രാജിവച്ചതോടെ തിരുവനന്തപുരത്ത് എൻ ശക്തൻ താല്‍ക്കാലിക ചുമതലയിലാണ്. 13 ജില്ലകളിലും പുതിയ അധ്യക്ഷന്മാര്‍ക്കായി സമവായമുണ്ടാക്കാനാണ് കെപിസിസി ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ അധ്യക്ഷൻമാരെ മാറ്റേണ്ടെന്ന അഭിപ്രായമുയരുമ്പോള്‍ വേഗത്തിൽ പുനസംഘടന നടത്താനാണ് നീക്കം. ഡിസിസിയിൽ സമവായമില്ലെങ്കിൽ കെപിസിസി ഭാരവാഹി പട്ടിക പുറത്തിറക്കും.
കെപിസിസിയിൽ ഒഴിവുകള്‍ നികത്തിയും പുതിയ ഭാരവാഹികളെ വച്ചും പുനസംഘടനയക്കാണ് നീക്കം. 80 പേരെ സെക്രട്ടറിമാരാക്കാം. ഫലത്തിൽ ജംബോയ്ക്ക് കമ്മിറ്റിയാകും. ബീഹാറിൽ പ്രവര്‍ത്തക സമിതിക്കിടെ കാര്യമായി ചര്‍ച്ച നടന്നില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയും ഉടൻ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ അബിൻ വര്‍ക്കി, ഒജെ ജനീഷ്, എന്നിവരാണ് പരിഗണനയിൽ. കെഎം അഭിജിത്തിനായി എ ഗ്രൂപ്പ് വാദിക്കുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഇല്ലെന്ന തടസ്സവാദമാണ് ഉയര്‍ത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam