
കൊച്ചി: കെവി തോമസിനെ അവഗണിച്ചുവിടുമ്പോഴും എറണാകുളത്ത് ഇപ്പോഴും നേതൃത്വത്തോടുള്ള എതിർപ്പ് ഉള്ളിലൊതുക്കുന്നവരുടെ തുടർ നീക്കങ്ങൾ കോൺഗ്രസ്സിന് വെല്ലുവിളിയാണ്. വിഡി സതീശൻറെയും ഹൈബി ഈഡൻറെയും അപ്രമാദിത്വം അംഗീകരിക്കാത്ത കോണഗ്രസ്സുകാരിൽ കണ്ണ് വെച്ച് തന്നെയാണ് നിലവിൽ ഒപ്പം ആളില്ലെങ്കിലും കെവി തോമസിനെ സിപിഎം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്.
ഒപ്പം ആരുമില്ല, ഒരുവോട്ടു പോലും മറയ്ക്കാനുമാകില്ല കെവി തോമസിനെന്നാണ് കോൺഗ്രസ് നേതാക്കളുടെ പക്ഷം. കെവി തോമസിനോടുള്ള നെവർമൈൻഡ് തന്ത്രത്തിനു കെപിസിസി നിരത്തുന്ന കാരണവും ഇതാണ്. പക്ഷെ പുറത്ത് പോകുന്നത് കെവി തോമസ് മാത്രമാണെങ്കിലും അകത്ത് അതൃപ്തിയുമായി എറണാകുളത്തെ കോൺഗ്രസ്സിൽ തുടരുന്നവർ ഏറെയാണ്.
വിഡി സതീശനും ഹൈബി ഈഡനും എല്ലാം കയ്യടക്കുന്നുവെന്ന പരാതി ഏറെയും തൃക്കാക്കര സീറ്റിന്റെ കുത്തക അവകാശപ്പെടുന്ന എ ഗ്രൂപ്പിനുണ്ട്. അമർഷം ഉള്ളിലൊതുക്കുന്ന കോൺഗ്രസ്സുകാരുമായി തോമസ് പല തരത്തിൽ ആശയവിനിമയം തുടരുന്നുണ്ട്. കൂടിയാലോചനയില്ലാതെ എല്ലാം ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് തോമസിൻറെ പ്രധാന പരാതി. കെ സുധാകരൻ - വിഡി സതീശൻ നേതൃത്തോട് എഐ ഗ്രൂപ്പുകൾക്ക് നേരത്തെയുള്ള പരാതിയും ഇത് തന്നെയാണ്.
തോമസിനെ ഒരു പ്രതീകമായി കണ്ടാണ് സിപിഎം ചുവപ്പ് പരവതാനി വിരിക്കുന്നത്. കെവി തോമസെന്ന പാലത്തിലൂടെ സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കുന്ന കൂടുതൽ കോൺഗ്രസ് നേതാക്കളുടെ പിന്തുണയാണ് ഇടത് ക്യാംപ് പ്രതീക്ഷിക്കുന്നത്. തൃക്കാക്കര പിടിക്കാനായില്ലെങ്കിലും മധ്യകേരളത്തിൽ നാളേക്കുള്ള നിക്ഷേപമായും കെവി തോമസിനെ സിപിഎം കാണുന്നു. തൃക്കാക്കര നിലനിർത്തിയാൽ വിഡി സതീശൻ പാർട്ടിയിൽ കൂടുതൽ കരുത്തനാകും. മറിച്ചായാൽ ഇപ്പോൾ കെവി തോമസിനെ എതിർക്കുന്ന നേതാക്കൾ വരെ സതീശനെതിരെ തിരിയുന്ന സ്ഥിതിയുമാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam