
കല്‍പ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ഭവന പദ്ധതിക്കായി ഒടുവിൽ കോൺഗ്രസ് ഭൂമി വാങ്ങി. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിക്കാനുള്ള ഭൂമിയാണ് പാര്‍ട്ടി വാങ്ങിയത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തു. കെപിസിസി പ്രസിഡന്‍റിന്‍റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. 1100 സ്ക്വയർ ഫീറ്റുള്ള വീടും എട്ട് സെന്‍റ് സ്ഥലവുമാണ് കോൺഗ്രസ് നൽകുക എന്നാണ് സൂചന. വൈകാതെ രണ്ട് രണ്ട് ഇടങ്ങളിൽ കൂടി ഭൂമി വാങ്ങും.
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ കോണ്‍ഗ്രസ് കേട്ടിരുന്ന ഏറ്റവും വലിയ പഴിയായിരുന്നു വയനാട് ദുരന്തബാധിതക്കുള്ള ഭവന നിർമ്മാണം. നൂറ് വീട് പണിയുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വാഗ്ദാനം. എന്നാല്‍, ഇടതുപക്ഷം വലിയ തോതിൽ വിമർശനം ഉന്നയിച്ചതോടെയാണ് ഭവന പദ്ധതിയിലെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് വേഗത്തിൽ നിർമ്മാണം തുടങ്ങാനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചത്. നേരത്തെ 30 വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച തുക 1.05 കോടി രൂപ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.
കോൺഗ്രസും യൂത്ത് കോൺഗ്രസും സ്വന്തം നിലയ്ക്കും 130 വീടുകളായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ മാറിയ സാഹചര്യത്തിൽ ലക്ഷ്യമിട്ട തുക സമാഹരിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ കെപിസിസി നിർമിക്കുന്ന നൂറ് വീടുകളിലേക്ക് യൂത്ത് കോൺഗ്രസും തുക കൈമാറുകയായിരുന്നു. ഇതോടെ ആകെ നൂറ് വീടുകളാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് നിർമിക്കാനുദ്ദേശിക്കുന്നതെന്നാണ് വിവരം. മേപ്പാടിയിൽ കണ്ടെത്തിയ മൂന്നേകാല്‍ സ്ഥലമാണ് ഇപ്പോൾ വാങ്ങിയിട്ടുള്ളത്. ഇവിടെ എത്ര വീടുകൾ നിർമിക്കുമെന്ന് വ്യക്തമല്ല. മറ്റ് രണ്ട് സ്ഥലങ്ങൾ ഏതൊക്കെയെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam