കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദ്ദേശിക്കാതെ ഗ്രൂപ്പ് നേതാക്കൾ, താരീഖ് അൻവറിന് ആശയകുഴപ്പം

By Web TeamFirst Published Jun 6, 2021, 2:57 PM IST
Highlights

കെപിസിസി പ്രസിഡന്റ് ആരാകണമെന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിനെടുക്കാമെന്ന്  താരിഖിനോട് നേതാക്കൾ പറഞ്ഞതായി  ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ  മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ച സാഹചര്യത്തിൽ പകരക്കാരനെ നിശ്ചയിക്കുന്നതിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അൻവറിന് ആശയകുഴപ്പം. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അൻവറിന്റെ ശ്രമം. എന്നാൽ കേരളത്തിലെ ഗ്രൂപ്പ് നേതാക്കളാരും താരീഖ് അൻവറിനോട് ഏതെങ്കിലും നേതാവിന്റെ പേര് നിർദ്ദേശിക്കാതിരുന്നതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്.

കെപിസിസി പ്രസിഡന്റ് ആരാകണമെന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിനെടുക്കാമെന്ന്  താരിഖിനോട് നേതാക്കൾ പറഞ്ഞതായി  ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് പദവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുന്നതിൽ താരിഖ് കടുത്ത ആശയകുഴപ്പത്തിലാണെന്നാണ് വിവരം.

നിലവിൽ എംപിമാരായ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ള പേരുകാർ. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനിൽക്കുന്നതിനാൽ വിശദമായ ചർച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാവൂ എന്നാണ് ഹൈക്കമാന്റിന്റെ നിർദ്ദേശം. റിപ്പോർട്ട് സമർപ്പിക്കാൻ താരീഖ് അൻവറിന് ഒരാഴ്ച സമയമാണ് നൽകിയിരുന്നത്. വരും ദിവസങ്ങളിൽ ഗ്രൂപ്പുകളുടെ പരിഭവം മാറ്റ് നേതാവിനെ നിശ്ചയിക്കുകയെന്ന വലിയ കടമ്പയാണ് അൻവറിന് മുന്നിലുള്ളത്.

click me!