കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിക്കണം ? മാണി സി കാപ്പനെ സ്വാഗതം ചെയ്ത് ഹൈക്കമാൻഡ്

By Web TeamFirst Published Feb 11, 2021, 3:51 PM IST
Highlights

കോണ്‍ഗ്രസ് പ്രവേശനത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മാണി സി കാപ്പൻ മാത്രമാണോ അതോ എൻസിപി ഒന്നാകെ യുഡിഎഫിലേക്ക് വരുമോ എന്നതിന് അനുസരിച്ചാവും ബാക്കി കാര്യങ്ങൾ തീരുമാനിക്കപ്പെടുക. 

കോട്ടയം: എൻസിപി നേതാവ് മാണി സി കാപ്പനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. ഇടതുബന്ധം ഉപേക്ഷിച്ച് വരികയാണെങ്കിൽ കാപ്പനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാമെന്നും പാലായിൽ അദ്ദേഹം കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും കോണ്‍ഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചതായാണ് സൂചന. കോണ്‍ഗ്രസ് പ്രവേശനത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മാണി സി കാപ്പൻ മാത്രമാണോ അതോ എൻസിപി ഒന്നാകെ യുഡിഎഫിലേക്ക് വരുമോ എന്നതിന് അനുസരിച്ചാവും ബാക്കി കാര്യങ്ങൾ തീരുമാനിക്കപ്പെടുക. 

എൻസിപി ഇടതുമുന്നണി വിടുന്നത് സംബന്ധിച്ച്  ദേശീയനേതൃത്വം കൃത്യമായ തീരുമാനം എടുത്തിട്ടില്ല. പാലായടക്കം സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും രാജ്യസഭാ സീറ്റ് ഇനി എൽഡിഎഫിൽ പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പൻ ശരത് പവാറിനോട് വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി മാറ്റത്തോട് അനുകൂലമായ സമീപനമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ പിതാംബരൻ മാസ്റ്റര്‍ക്കുമുള്ളത്. എന്നാൽ കേരളത്തിൽ ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ ശരത് പവാറിനുണ്ട്. മുന്നണി വിടുന്നതിൽ പച്ചക്കൊടി കാണിക്കാൻ അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നതും ഈ സാധ്യതയാണ്. 

ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ വ്യാഴാഴ്ച രാവിലെ ദില്ലിയിൽ വ്യക്തമാക്കിയിരുന്നു. മുന്നണി മാറ്റത്തിലെ  തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എ.കെ.ശശീന്ദ്രൻ്റെ എതിർപ്പിനിടെ കേരള എൻസിപിയുടെ ഭാവിയെന്തെന്നതിൽ അന്തിമ തീരുമാനം നാളെ പ്രഫുൽ പട്ടേൽ ദില്ലിയിൽ പ്രഖ്യാപിക്കും.

ശരദ് പവാറിൻ്റെ ജൻപഥിലെ വസതിയിൽ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നും രാജ്യസഭ സീറ്റ് പ്രതീക്ഷിക്കേണ്ടെന്നും മാണി സി കാപ്പന്‍ ശരദ് പവാറിനെ ധരിപ്പിച്ചതായാണ് വിവരം. പ്രഫുല്‍ പട്ടേലിനെ വിളിച്ച് പാലാ നല്‍കില്ലെന്ന് പിണറായി വ്യക്തമാക്കിയ കാര്യവും കാപ്പൻ പങ്കു വച്ചു. മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് തന്‍റെ നിലപാടെന്നും മാണി സി കാപ്പന്‍ പവാറിനോട് പറഞ്ഞു. എന്ത് നിലപാട് സ്വീകരിക്കണമെന്ന പവാറിന്‍റെ ചോദ്യത്തോട് ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ടി പി പീതാംബരനും  വ്യക്തമാക്കിയെന്നാണ് സൂചന. 

അതേ സമയം കാപ്പന്‍റെ ഏകപക്ഷീയ പ്രഖ്യാപനത്തെ ചോദ്യം ചെയ്ത എ കെ ശശീന്ദ്രന്‍ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തോട് താല്‍പര്യമില്ലെന്നും പുനരാലോചനകള്‍ വേണമെന്നും ശശീന്ദ്രൻ ആവശ്യപ്പെടുന്നു. ഇപ്പോള്‍ ദോഹയിലുളള  പ്രഫുല്‍ പട്ടേല്‍ നാളെ ദില്ലിയിലെത്തിയ ശേഷം ശരദ് പവാറുമായി ചര്‍ച്ച നടത്തുന്നുണ്ട്. പിന്നീട് മാണി സി കാപ്പനും, ടി പീതാംബരനുമായും കൂടിക്കാഴ്ച നടത്തുംയ

മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. ഇടത് മുന്നണിക്ക്  ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുള്ളപ്പോള്‍ തന്നെ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുത്തി  ഇടത് മുന്നണിയില്‍ തുടരണോയെന്ന ചോദ്യവും തലവേദനയാകുകയാണ്. ഇതിനൊക്കെ ഇടയിലാണ് യുഡിഎഫ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള മാണി സി കാപ്പൻ്റെ ചര്‍ച്ചകൾ തുടരുന്നത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തുന്ന ശനിയാഴ്ച മാണി സി കാപ്പനും അദ്ദേഹത്തിൻ്റെ അനുയായികളും യുഡിഎഫില്‍ ചേരുമെന്നാണ് കാപ്പന്‍ വിഭാഗം അണികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

click me!