എലത്തൂരിലെ ചൊല്ലി കോണ്‍ഗ്രസില്‍ ഇത്തവണയും കലാപക്കൊടിയുയരുമോ? സീറ്റ് ഘടകകക്ഷിക്ക് നൽകരുതെന്ന് ജില്ലാ നേതൃത്വം

Published : Jan 08, 2026, 12:58 PM IST
elathur

Synopsis

മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡ‍ലമായ എലത്തൂര്‍ കഴിഞ്ഞ തവണ മാണി സി കാപ്പന്‍റെ പാര്‍ട്ടിക്കാണ് യുഡിഎഫ് നല്‍കിയത്. പ്രചാരണവുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. കഴി‌ഞ്ഞ തവണ സീറ്റ് മാണി സി കാപ്പന്റെ പാര്‍ട്ടിയായ എന്‍സികെക്ക് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തില്‍ നിന്നും വലിയ കലാപമുയര്‍ന്നിരുന്നു. ഇത്തവണയും സീറ്റ് ലഭിച്ചില്ലെങ്കില്‍ സമാന സാഹചര്യമുണ്ടാകുമെന്ന റിപ്പോര്‍ട്ട് ജില്ലാ നേതൃത്വം കെപിസിസിയെ അറിയിക്കും.

മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡ‍ലമായ എലത്തൂര്‍ കഴിഞ്ഞ തവണ മാണി സി കാപ്പന്‍റെ പാര്‍ട്ടിയായ എന്‍സികെക്കായിരുന്നു യുഡിഎഫ് നല്‍കിയത്. ആലപ്പുഴ സ്വദേശിയും വ്യവസായിയുമായ സുള്‍ഫിക്കര്‍ മയൂരി സ്ഥാനാര്‍ത്ഥിയായി എത്തിയെങ്കിലും പ്രചാരണവുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായില്ല. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് ഡിസിസി സെക്രട്ടറി കൂടിയായ ദിനേശ് മണി വിമത സ്ഥാനാര്‍ത്ഥിയായി പ്രചാരണവും തുടങ്ങി. മണ്ഡലം പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളും വിമത സ്ഥാനാര്‍ത്ഥിക്കൊപ്പം ചേര്‍ന്നതോടെ യുഡിഎഫ് നേതൃത്വവും വെട്ടിലായി. 

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് എം കെ രാഘവന്‍ എംപി നിലപാട് കടുപ്പിച്ചതും ഡിസിസിയില്‍ നടന്ന പ്രശ്നപരിഹാര ചര്‍ച്ചയില്‍ കയ്യാങ്കളിയുണ്ടായതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. വലിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിമതര്‍ പിന്‍മാറിയെങ്കിലും ആദ്യം പ്രഖ്യാപിച്ച യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍സികെയുടെ സുള്‍ഫിക്കര്‍ മയൂരി മുപ്പത്തിയെട്ടായിരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് നിര്‍ജ്ജീവമായതോടെ 2021 ല്‍ ജില്ലയില്‍ എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലമായി എലത്തൂര്‍. ബിജെപി ഇവിടെ മുപ്പത്തിരണ്ടായിരം വോട്ടുകള്‍ പിടിച്ചതും ശ്രദ്ധേയമായിരുന്നു. ഇക്കുറിയും സീറ്റ് ഘടക കക്ഷിള്‍ക്ക് നല്‍കിയാല്‍ പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയര്‍ത്തുമെന്നാണ് ഡിസിസി വിലയിരുത്തല്‍. മണ്ഡലം ഏറ്റെടുക്കണമെന്ന റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചത് യുഡിഎഫാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ ആദ്യ തന്ത്രി കുടുംബം; താഴമൺ കുടുംബാംഗങ്ങളെ അയ്യപ്പ ഭക്തർ കണ്ടത് ദൈവതുല്യരായി
ശബരിമല സ്വര്‍ണക്കൊള്ള; വൈദ്യപരിശോധനക്കിടെ അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്, 'കുറ്റമൊന്നും ചെയ്തിട്ടില്ല, സ്വാമി ശരണം'