മമ്പറം ദിവാകരനെ കോൺഗ്രസ് പുറത്താക്കി, നടപടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ

By Web TeamFirst Published Nov 28, 2021, 2:22 PM IST
Highlights

പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി  സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ (mambaram divakaran) കോൺഗ്രസ് (congress ) പുറത്താക്കി. പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തിൽ ബദൽ പാനൽ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

മമ്പറം മണ്ഡലം കോൺഗസ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ.പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കി. മമ്പറം ദിവാകരന് വേണ്ടി പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താൽക്കാലിക ചുമതല നൽകി. 

'കെ സുധാകരൻ പക്വത കാണിക്കണം'; തുറന്നടിച്ച് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ

ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്  കെ സുധാകരനും മമ്പറം ദിവാകരനും നേരത്തെ പരസ്യമായി പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു. സുധാകരനെ കോൺഗ്രസ് അധ്യക്ഷനാക്കുന്നതിൽ മമ്പറം ദിവാകരൻ കോൺഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ടടക്കം സുധാകരനും മമ്പറം ദിവാകരനും തമ്മിലിടഞ്ഞു. കെ സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷനായ ശേഷം ബ്രണ്ണൻ വിവാദങ്ങളുയർത്തിയതിൽ മമ്പറം ദിവാകരന്റെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മമ്പറം ദിവാകരൻ കോൺഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. സുധാകരനെതിരെ മമ്പറം ദിവാകരൻ നടത്തിയ ചില പ്രസ്താവനകൾ എതിർകക്ഷികളും ആയുധമാക്കി.

click me!