കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വം: ജനങ്ങൾ പൊറുക്കില്ല, കുട്ടനാട് സീറ്റ് കോൺഗ്രസ്‌ വിറ്റെന്ന് സജി ജോസഫ്

Published : Mar 18, 2026, 07:48 AM IST
saji joseph

Synopsis

കോൺഗ്രസ്‌ കുട്ടനാട് സീറ്റ് വിറ്റെന്ന് കോൺഗ്രസ്‌ നേതാവ് സജി ജോസഫ്. സീറ്റ് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും സജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ്‌ നേതാവ് സജി ജോസഫ്. കോൺഗ്രസ്‌ കുട്ടനാട് സീറ്റ് വിറ്റെന്നാണ് ആരോപണം. സീറ്റ് പെയ്മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും സജി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. കുട്ടനാടിനെ പണക്കാർക്ക് എംഎൽഎ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കി. ഇത് കുട്ടനാട് ജനത പൊറുക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്തത്. കുട്ടനാടിനെ വില്പന ചരക്ക് ആക്കുന്നതിനോട് സന്ധിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സജി ജോസഫ് കുട്ടനാട്ടിൽ കോൺഗ്രസ്‌ വിമതനായേക്കും.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പ്രതിസന്ധികളുടെ നടുവിൽ കൂടി ജീവിതം നടന്നു നീക്കുകയാണ് കുട്ടനാട്ടുകാർ.

തളർന്നു പോകുന്ന കുട്ടനാടിനെ കരകയറ്റുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കഴിയുമെന്ന് നമ്മൾ വിശ്വസിച്ചു.

പക്ഷെ, പണചാക്കുകളുടെ പണകിഴികൾക്ക് മുന്നിൽ കുട്ടനാടിനെ വിൽക്കുകയാണ് അവർ ഇത്തവണയും ചെയ്തത്. കുട്ടനാടിന് വേണ്ട നീതി വാങ്ങി തരും എന്ന് പ്രതിജ്ഞ എടുത്തവർ കുട്ടനാട്ടുകാർ പോലുമല്ലാത്ത സാമ്പത്തിക ശക്തികളുടെ മുന്നിൽ ഈ നാടിനെ ബലി കൊടുക്കുന്ന കാഴ്ചയാണ് യു ഡി എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ നാം കാണുന്നത്. എൽ ഡി എഫിലാകട്ടെ കുട്ടനാട്ടിൽ താമസിക്കാത്ത, കുട്ടനാടിനെ അറിയാത്ത മുതലാളിയായ എം എൽ എയെ തന്നെ വീണ്ടും പരീക്ഷിക്കുന്നു.

കുട്ടനാടിന്റെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. പേയ്‌മെന്റ് സീറ്റ്‌ എന്ന രീതിയിൽ പണക്കാർക്ക് അവരുടെ എം എൽ എ മോഹം സഫലമാക്കാൻ ഉള്ള ഒരു ഉപഭോഗ വസ്തു മാത്രമായി കുട്ടനാടിനെ കാണുന്ന യു ഡി എഫ് - എൽ ഡി എഫ് നേതൃത്വത്തോട് കുട്ടനാടൻ ജനത ഒരിക്കലും പൊറുക്കില്ല. കുട്ടനാട്ടിലെ കർഷകരും കർഷക തൊഴിലാളികളും പട്ടിണിപാവങ്ങളുമായ ജനത , ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നു.

ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ വെറും വിഡ്ഢികളാക്കാൻ രാഷ്ട്രീയപരമായി അവരുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ, അവർ ഉന്നയിക്കുന്ന പരമപ്രധാനമായ ജീവൽപ്രശ്നങ്ങളെ വെറും അവജ്ഞയോടെ തള്ളുവൻ ആര് ശ്രമിച്ചാലും അതിനെ ഒരു കുട്ടനാട്ടുകാരൻ എന്ന നിലയിൽ മരണം വരെ എതിർക്കുക തന്നെ ചെയ്യും.

ഇത് ഒരു നാടിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്.

എന്തായാലും കുട്ടനാടൻ ജനതയുടെ ആത്മാഭിമാനം വൃണപ്പെടുത്തിയ, പൊതുസമൂഹത്തിൽ കുട്ടനാടിനെ ഒരു വില്പന ചരക്കാക്കിയ അധികാരകേന്ദ്രങ്ങളുമായി ഒരു സന്ധി ഇനിയില്ല.

കുട്ടനാടും ഈ മണ്ണും ഈ ജനതയും എന്റെ ഹൃദയത്തിലാണ്.

നിങ്ങളുടെ സ്വന്തം സജി ജോസഫ്‌......

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിൽക്കണോ പോണോ എന്നറിയാതെ എൽദോസ് കുന്നപ്പിള്ളി; എഐസിസി ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് സംസ്ഥാന നേതാക്കൾ, ട്വിന്‍റി20യിൽ എടുക്കില്ലെന്ന് സാബു ജേക്കബ്
കോൺഗ്രസിൽ അമർഷം പുകയുന്നു, കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വാദിച്ച് വിഡി സതീശൻ; ചർച്ചക്കിടെ പ്രതിഷേധിച്ചിറങ്ങിയെന്നും സൂചന