
തിരുവനന്തപുരം: നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വ്യവസായി എം എ യൂസഫലി അന്തർധാര ഉണ്ടാക്കിയെന്ന് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. ന്യൂനപക്ഷ വോട്ടുകൾ മറിച്ച് എൽഡിഎഫിൻ്റെ കടകംപള്ളി സുരേന്ദ്രന് നൽകി ബിജെപിയുടെ വി മുരളീധരനെ ജയിപ്പിക്കുകയായിരുന്നുവെന്ന് ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.
തെരഞ്ഞെടുപ്പിൻ്റെ അവസാന നിമിഷം യൂസഫലി യുഡിഎഫിനോട് കാണിച്ച ക്രൂരത കൊണ്ടാണ് താൻ പരാജയപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും സ്പോൺസർ ചെയ്ത് ജയിപ്പിച്ചു കൊടുക്കാൻ അന്തർധാര ഉണ്ടാക്കിയത് യൂസഫലിയായിരുന്നുവെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.
യൂസഫലിയുടെ നിർദേശപ്രകാരം മഹൽ കമ്മിറ്റികൾ വിളിച്ചുചേർത്തു കടകംപള്ളി സുരേന്ദ്രന് വോട്ട് നൽകണമെന്ന് നിർദേശം നൽകി. തനിക്ക് കിട്ടേണ്ട വോട്ടുകൾ കുറഞ്ഞു. അതിലൂടെ വി മുരളീധരനെ ജയിപ്പിച്ചു. എൽഡിഎഫിന്റെ 6500 വോട്ടുകൾ ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.
കഴക്കൂട്ടം മണ്ഡലത്തിൽ നടന്ന കടുത്ത മത്സരത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. 46,564 വോട്ടുകൾ മുരളീധരൻ പിടിച്ചപ്പോൾ സിറ്റിങ് എംഎൽഎയായിരുന്ന കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകളാണ് ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam