K Rail : 'കേരളം ഭരിക്കുന്നയാൾ സർ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓർമ്മ വേണം'; വിമര്‍ശനവുമായി വി എം സുധീരൻ

By Web TeamFirst Published Jan 10, 2022, 8:28 AM IST
Highlights

എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്നരീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും കെ റെയിലിനെതിരായ കോൺഗ്രസിന്റെ സമരം ജനാധിപത്യരീതിയിലായിരിക്കുമെന്നും സുധീരൻ.

കണ്ണൂർ: കേരളം ഭരിക്കുന്നയാൾ സർ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓർമ്മ വേണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ (V M Sudheeran). കെ റെയിലിന്റെ (K Rail) ഡിപിആർ രഹസ്യ രേഖയെന്ന നിലപാട് വിചിത്രമാണെന്നും വി എം സുധീരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവരാവകാശ കമ്മീഷണറുടെ നിലപാട് പരിഹാസ്യമായിപ്പോയി. പൗരപ്രമുഖൻമാരുമായുള്ളത് തട്ടിക്കൂട്ട് റെഡിമെയ്ഡ് യോഗമാണ്. എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്നരീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും കെ റെയിലിനെതിരായ കോൺഗ്രസിന്റെ സമരം ജനാധിപത്യരീതിയിലായിരിക്കുമെന്നും സുധീരൻ കൂട്ടിച്ചേർത്തു.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കല്ല് പിഴുതെറിഞ്ഞ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെ റെയിൽ അതിരടയാളക്കല്ല് പറിക്കാൻ വരുന്നവർ സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്നലെ പറഞ്ഞത്. സർവ്വേ കല്ല് പറിച്ചെറിയാൻ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തൂയെന്ന് മാത്രമേ പറയാനുള്ളു എന്നായിരുന്നു ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്. യുഡിഎഫ് ഭരണകാലത്ത് അവരുടെ മാനിഫെസ്റ്റോയിൽ ഈ പദ്ധതി ഉണ്ടായിരുന്നു. അതിനാലാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോൾ മൗനം പാലിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.

click me!