ആര്‍ജിസിബിയുടെ രണ്ടാം ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; വിമര്‍ശനവുമായി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

By Web TeamFirst Published Dec 5, 2020, 2:05 PM IST
Highlights

തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. അതേ സമയം സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
 

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാംപസിന് എംഎസ് ഗോള്‍വാള്‍ക്കറിന്‍റെ പേര് നല്‍കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. അതേ സമയം സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നല്‍കുകയും, ആധുനിക ഇന്ത്യക്ക് അടിത്തറയിടുകയും  ചെയ്ത  മഹാനായ നേതാവായിരുന്നു മുന്‍  പ്രധാനമന്ത്രി രാജീവ്  ഗാന്ധി. അദ്ദേഹത്തിന്റെ     സ്മരണ നിലനിര്‍ത്തുന്ന സ്ഥാപനത്തിന്റെ രണ്ടാമത്തെ കാമ്പസിന് ആര്‍ എസ് എസ് നേതാവിന്റെ പേര്  നല്‍കുന്നതിനോട്  ഒരിക്കലും യോജിക്കാന്‍ കഴിയില്ല.  ആര്‍ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും  കത്തില്‍  രമേശ് ചെന്നിത്തല   പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.

മതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണതയും മാത്രം മുഖ മുദ്രയാക്കുകയും,  ഇന്ത്യയിലെ  നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന  ആരോപണം  നേരിടുന്ന സംഘടനയാണ് ആര്‍ എസ് എസ്.   ആ സംഘടനയടെ അധ്യക്ഷനായിരുന്ന ഒരു വ്യക്തിയുടെ പേര് ഇന്ത്യയുടെ അഭിമാനമായ  ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് നല്‍കുന്നത് വിരോധാഭാസമാണെന്നും രമേശ് ചെന്നിത്തല  കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

നേരത്തെ ഗോള്‍വക്കറിന്‍റെ പേര് ആര്‍ജിസിബി രണ്ടാം ക്യാംപസിന് നല്‍കുന്നതിനെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത് വന്നിരുന്നു. അതേ സമയം ആര്‍ജിസിബി രണ്ടാം ക്യാംപസിന് നല്‍കേണ്ട പേര് ഡോ.പല്‍പ്പുവിന്‍റെതാണെന്ന് മുന്‍മന്ത്രിയും എംഎല്‍എയും സിപിഐ നേതാവുമായ മുല്ലക്കര രത്നാകരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നാണ് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ പുതിയ ക്യാമ്പസ് ഇനി അറിയപ്പെടുക എന്ന് കേന്ദ്രമന്ത്രി അറിയിച്ചത്.

ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍‍ദ്ധനാണ് ഈ കാര്യം അറിയിച്ചത്.  തിരുവനന്തപുരത്തെ ആക്കുളത്താണ് രണ്ടാം ക്യാമ്പസ് തയ്യാറായിരിക്കുന്നത്. പുതിയ ക്യാമ്പസ് വലിയ രീതിയിലുള്ള വൈഞ്ജാനിക മുന്നേറ്റങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അടിത്തറയാകും. തന്മാത്രാ സൂക്ഷ്മകോശ ചികിത്സാരീതിയ്ക്ക് അത്യാധുനിക സംവിധാനങ്ങളുണ്ടാകും. മൂലകോശം മാറ്റിവെയ്ക്കല്‍, ജീന്‍ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു.
 

click me!