അനുനയ നീക്കവുമായി ഹൈക്കമാൻഡ്, താരിഖ് അൻവറിനെ അതൃപ്തി അറിയിച്ച് സുധീരൻ, കൂടിക്കാഴ്ച തുടരുന്നു

By Web TeamFirst Published Sep 27, 2021, 4:02 PM IST
Highlights

പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് പ്രതിഷേധമുണ്ട്. കെസി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് സുധീരന്റെ പരാതി. 

തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിക്ക് പിന്നാലെ എഐസിസി അംഗത്വവും രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സുധീരനുമായി തിരുവനന്തപുരത്തെ സുധീരന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തുകയാണ്. താരിഖ് അൻവറിനെ സുധീരൻ അതൃപ്തി അറിയിച്ചതായാണ് വിവരം. ഇന്നലെ വൈകിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് അവസാനസമയം താരിഖ് അൻവർ തന്നെ ഇടപെട്ട്  മാറ്റുകയായിരുന്നു. 

സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കമാൻഡും നടത്തുന്നത്. ഡിസിസി പുനസംഘടനയിൽ പൊട്ടിത്തെറി പരസ്യമാക്കിയ സുധീരൻ ഹൈക്കമാൻഡിനോട് കടുത്ത അതൃപ്തി പ്രകടമാക്കിയാണ് എഐസിസി അംഗത്വം രാജിവെച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സോണിയാഗാന്ധിക്ക് കത്തയച്ചത്. പുനസംഘടനയിൽ നാല് പേർ മാത്രം തീരുമാനമെടുക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച സുധീരൻ ഇക്കാര്യം അറിയിച്ചിട്ടും ഹൈക്കമാൻഡ് ഇടപെട്ടിട്ടില്ലെന്നാണ് ആക്ഷേപം.  ഹൈക്കമാൻഡ് ബ്ലാങ്ക് ചെക്ക് നൽകിയിട്ടും സംസ്ഥാനനേതൃത്വം പരാജയപ്പെട്ടുവെന്നും ഇതറിഞ്ഞിട്ടും ഹൈക്കമാൻഡ് മിണ്ടിയില്ലെന്നുമാണ് സുധീരൻ ഉന്നയിക്കുന്ന ആക്ഷേപം. 

അമ്പിനും വില്ലിനും അടുക്കാതെ വിഎം സുധീരൻ; എഐസിസി അംഗത്വവും രാജി വച്ചു

പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് പ്രതിഷേധമുണ്ട്. കെസി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് സുധീരന്റെ പരാതി. എഐസിസി അംഗത്വം രാജി വച്ചെങ്കിലും പാർട്ടിയിൽ തന്നെ തുടരുമെന്നാണ് സുധീരൻ അറിയിക്കുന്നത്.

click me!