'മോന്‍സുമായി സഹകരിക്കില്ല', മുഖംതിരിച്ച് സജി മഞ്ഞക്കടമ്പില്‍; യുഡിഎഫ് അനുനയ നീക്കം പാളി 

Published : Apr 07, 2024, 06:27 PM IST
'മോന്‍സുമായി സഹകരിക്കില്ല', മുഖംതിരിച്ച് സജി മഞ്ഞക്കടമ്പില്‍; യുഡിഎഫ് അനുനയ നീക്കം പാളി 

Synopsis

സജിയുടെ രാജി തിരഞ്ഞെടുപ്പിന് ബാധിക്കില്ലെന്നും തിരിച്ചുവരണോ എന്ന് തീരുമാനിക്കേണ്ടത് സജിയാണെന്നും ആശയവിനിമയം നടക്കുന്നുണ്ടന്നും യോഗ ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു

കോട്ടയം: കോട്ടയത്ത് രാജിവെച്ച യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കം പാളുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്നം. മുതിർന്ന കേരള കോൺഗ്രസ് നേതാവിന് യുഡിഎഫ് ചെയർമാന്‍റെ താൽക്കാലിക ചുമതല നൽകി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ യുഡിഎഫ് നേതൃതലത്തിൽ ധാരണയായി.

തിരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ഘട്ടത്തില്‍ മുന്നണിയുടെ ജില്ലാ ചെയര്‍മാന്‍റെ രാജിയില്‍ നടുങ്ങിപ്പോയ കോണ്‍ഗ്രസ് പ്രശ്നം തീര്‍ക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ സജി തയാറായിട്ടില്ല . മോൻസ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചർച്ചകൾ വഴി മുട്ടിയത് . പി ജെ ജോസഫിനോട്  ഫോണിൽ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോൺഗ്രസ് നേതൃത്വവും ഒത്തു തീർപ്പു നീക്കങ്ങളിൽ നിന്ന് തൽക്കാലത്തേക്ക് പിൻമാറി. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുതിർന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാൻ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്തു.

ഉച്ചയ്ക്കു ശേഷം ചേർന്ന യുഡിഎഫ് നേതൃയോഗം തുടർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആലോചിച്ചു. സജിയുടെ രാജി തിരഞ്ഞെടുപ്പിന് ബാധിക്കില്ലെന്നും തിരിച്ചുവരണോ എന്ന് തീരുമാനിക്കേണ്ടത് സജിയാണെന്നും ആശയവിനിമയം നടക്കുന്നുണ്ടന്നും യോഗ ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. യുഡിഎഫിന്‍റെ പൊളിറ്റിക്കല്‍ ക്യാപ്റ്റനാണ് സജിയെന്ന ജോസ് കെ മാണിയുടെ പ്രശംസ സജി മാണി ഗ്രൂപ്പിൽ പോയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാക്കിയിട്ടുണ്ട്.  

അതേ സമയം തുടർ നീക്കങ്ങളെ പറ്റി പരസ്യമായി പ്രതികരിക്കാൻ സജി ഇനിയും തയാറായിട്ടില്ല. സജിയെയും ഒപ്പമുള്ളവരെയും സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള നീക്കം മാണി ഗ്രൂപ്പ് ശക്തമാക്കിയിട്ടുമുണ്ട്. സജിയുടെ പോക്ക് മുന്നണി പ്രവർത്തകരിൽ ഉണ്ടാക്കിയ ആശയക്കുഴപ്പം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ