
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സമീപിച്ചിട്ടില്ലെന്നും പുറത്ത് വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും കെ മുരളീധരന്‍ എംപി. ദേശീയമാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി മുരളീധരന്‍ സോണിയയെ സമീപച്ചതായി വാര്‍ത്ത പുറത്ത് വിട്ടത്.
എന്നാല്‍ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കെ മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് വാർത്തയ്ക്ക് പിന്നിലെന്ന് മുരളീധരന്‍ എംപി ആരോപിച്ചു.
യാതൊരു ആധികാരികതയുമില്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണിത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കെ മുരളീധരന്‍ ദില്ലിയില്‍ വച്ച് സോണിയാ ഗാന്ധിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി എന്നായിരുന്നു വാര്‍ത്ത.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടി മുല്ലപ്പള്ളിക്കെതിരായി കെ മുരളീധരന്‍ നീക്കം നടത്തിയെന്നും എക്സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ ചെറുക്കാനും എല്ലാവരെയും ഒറ്റെക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും മുല്ലപ്പള്ളിക്ക് ആകുന്നില്ലെന്ന് മുരളീധരന്‍ സോണിയയെ ധരിപ്പിച്ചെന്നും വാര്‍ത്തയില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam