'പി മോഹനന്‍റെ പരാമര്‍ശം കുറ്റസമ്മതം', പിണറായി മോദിയുടെ ഡ്യൂപ്പെന്ന് കെ സുധാകരൻ

By Web TeamFirst Published Nov 20, 2019, 4:04 PM IST
Highlights

'വൈകിവന്ന തിരിച്ചറിവാണ് മോഹനന്‍റേത്'. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡ്യൂപ്പാണെന്നും മോദിയെ അനുകരിക്കുകയാണ് പിണറായിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ദില്ലി: മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പരാമര്‍ശം  കുറ്റസമ്മതമെന്ന് കെ സുധാകരൻ എംപി. "സിപിഎമ്മാണ് മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നത്. തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ സിപിഎം ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അറിയുന്ന കാര്യം തന്നെയാണ് മോഹനൻ പറഞ്ഞത്. ഇരുവരുടേതും ഒരേ നിലപാടാണെന്നും സുധാകരന്‍ ആരോപിച്ചു. 

"മോഹനന്‍റേത് വൈകിവന്ന തിരിച്ചറിവാണ്. പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡ്യൂപ്പാണ്. മോദിയെ അനുകരിക്കുകയാണ് പിണറായിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകൾക്ക് പ്രോത്സാഹനം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ വാക്കുകളാണ് വിവാദമായത്. മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെന്നും പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നും മോഹനന്‍ ആരോപിച്ചിരുന്നു. 

'ഉദ്ദേശിച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയും, പറഞ്ഞത് സത്യം', ഉറച്ച് പി മോഹനൻ...

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചതെന്ന് മോഹനന്‍ വിശദീകരിച്ചു. ഇതിന് പിന്നാലെ മോഹനന് പിന്തുണയുമായി പി ജയരാജനും രംഗത്തെത്തി. ഇസ്‍ലാമിസ്റ്റുകളെ വിമര്‍ശിക്കുമ്പോള്‍ തീവ്രവാദ വിരുദ്ധ നിലപാടുളള ഇസ്ലാംമത വിശ്വാസികള്‍ സിപിഎമ്മിനൊപ്പം ചേരുമെന്നായിരുന്നു മോഹനനെ പിന്തുണച്ച പി ജയരാജന്‍റെ പരാമര്‍ശം.

മാവോയിസ്റ്റുകൾക്ക് പിന്നിൽ മുസ്ലീം തീവ്രവാദികൾ : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ...

അതിനിടെ മുസ്ലീം തീവ്രവാദത്തിലെ സിപിഎം നിലപാട് ഇരട്ടത്താപ്പെന്നാരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി. "മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയാണ്. തീവ്രവാദ സംഘടനകളെ കയ്യയച്ച് സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്‍റേത്". ജനങ്ങളെ കബിളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്‍റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

click me!