
കായംകുളം: കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ചും തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുമുള്ള നിലപാട് വ്യക്തമാക്കി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. കോൺഗ്രസ് നേതൃത്വം തനിക്ക് സീറ്റ് ഓഫർ ചെയ്തിരുന്നതായും എന്നാൽ താൻ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. കായംകുളത്ത് കോൺഗ്രസ് നേതാവ് എം. ലിജുവിന്‍റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ പങ്കാളിയായതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിലാണ് ബിജു പ്രഭാകര്‍ മനസ് തുറന്നത്.
"ചെറുപ്പകാലം മുതൽക്കേ കോൺഗ്രസ് രാഷ്ട്രീയത്തെയും അതിന്‍റെ നേതാക്കളെയും അടുത്തറിയാം. രാഷ്ട്രീയ എതിരാളികളെ 51 വെട്ടുവെട്ടി കൊലപ്പെടുത്തുന്ന ക്രൂരതയൊന്നും കോൺഗ്രസുകാർ ചെയ്യാറില്ല. അതുകൊണ്ടുതന്നെ ആ പ്രസ്ഥാനത്തോട് ഒരു താത്പര്യമുണ്ട്. എന്നാൽ ഇന്നുവരെ കോൺഗ്രസിൽ ചേരണമെന്നോ സജീവമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണമെന്നോ എനിക്ക് തോന്നിയിട്ടില്ല," ബിജു പ്രഭാകർ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം ലിജുവിന് വേണ്ടി എട്ട് ദിവസത്തോളം താൻ കായംകുളത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"കായംകുളത്ത് മത്സരിച്ചിരുന്നെങ്കിൽ എക്സൈസ് മന്ത്രിയായേനെ"
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസിന്‍റെ ക്ഷണം നിരസിച്ചതിനെക്കുറിച്ച് രസകരമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ഏതെങ്കിലും കാരണവശാൽ ഞാൻ കായംകുളത്ത് മത്സരിച്ച് വിജയിച്ചിരുന്നെങ്കിൽ എന്‍റെ കഷ്ടകാലത്തിന് ഞാൻ എക്സൈസ് മന്ത്രിയായി പോയേനെ." സംസ്ഥാനത്തെ മദ്യനയത്തെയും മദ്യപാന സംസ്കാരത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
വിദേശരാജ്യങ്ങളിൽ വീര്യം കുറഞ്ഞ വൈനും ഗുണനിലവാരമുള്ള മറ്റു മദ്യങ്ങളും ജനങ്ങൾ ഉപയോഗിക്കുമ്പോൾ, കേരളത്തിൽ മദ്യത്തിന്‍റെ വീര്യം കുറയ്ക്കുന്നതിനെ എതിർക്കുന്നവരാണ് ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "മദ്യത്തിന്റെ വീര്യം കുറയ്ക്കണമെന്ന് പറയുമ്പോൾ, 42 ഡിഗ്രി വീര്യമുള്ള സാധനം തന്നെ വേണമെന്ന് വാശിപിടിക്കുന്ന 'ഊളന്മാർ' ഉള്ള സംസ്ഥാനമാണിത്. വീര്യം കൂടിയ മദ്യം കഴിച്ച് ജനങ്ങളുടെ കരൾ തകരരുതെന്ന് ചിന്തിക്കുന്നതിന് പകരം അതിനെ എതിർക്കുന്ന രീതി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?" ബിജു പ്രഭാകർ ചോദിച്ചു. ഈ സാഹചര്യത്തിൽ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് എത്രമാത്രം കഠിനമായ ജോലിയാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ഡി സതീശൻ അവതരിപ്പിച്ച ബദൽ ബജറ്റ് മികച്ചതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, എന്നാൽ ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ ബജറ്റിൽ വിട്ടുപോയതിൽ നിരാശ പ്രകടിപ്പിച്ചു. പ്രത്യേകിച്ച് തെരുവ് നായ ശല്യത്തെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലാത്തതിനെ അദ്ദേഹം വിമർശിച്ചു. "റോഡിൽ നടക്കുന്ന പേപ്പട്ടികളെക്കുറിച്ച് ആർക്കും ഒരു ആശങ്കയുമില്ല. മൃഗസ്നേഹികളെ ഭയന്ന് പട്ടികളെ കൊല്ലാൻ എല്ലാവർക്കും പേടിയാണ്. ഇതിന് പിന്നിൽ വലിയൊരു 'മരുന്ന് ലോബി' പ്രവർത്തിക്കുന്നുണ്ടെന്ന് ആദ്യമായി വിളിച്ചുപറഞ്ഞ വ്യക്തിയാണ് ഞാൻ. തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ഏതെങ്കിലും പട്ടിപ്രേമികൾ മുന്നോട്ടുവന്നാൽ അവരെ ജയിലിലടക്കുമെന്ന് സുപ്രീം കോടതി പോലും മുന്നറിയിപ്പ് നൽകിയിട്ടും ഇപ്പോഴും റോഡുകൾ മുഴുവൻ തെരുവ് നായകളാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി.
കാട്ടിൽ നിന്ന് ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന കാട്ടുപന്നിയെയും കടുവയെയും വെടിവെച്ചു കൊല്ലുന്നതിന് യാതൊരു തടസ്സവുമില്ലാത്ത നാട്ടിൽ, മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന തെരുവ് നായകളുടെ കാര്യത്തിൽ മാത്രം ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ബിജു പ്രഭാകർ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam