
കണ്ണൂര്‍: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിലും ഫ്ലക്സ് ബോര്‍ഡ്. കണ്ണൂരിലെ ഉളിക്കലിലും മണിക്കടവിലുമാണ് ശശി തരൂരിനെ പിന്തുണച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഉളിക്കലില്‍ ഫ്ലക്സ് വെച്ചിരിക്കുന്നത്. ഉണരും കോൺഗ്രസിൻ്റെ ഊർജമാണ് തരൂര്‍ എന്നാണ് ഫ്ലക്സിലെ വരികള്‍. ഇരിട്ടിയിലെ മണിക്കടവില്‍ കോണ്‍ഗ്രസ് സ്നേഹികള്‍ എന്ന പേരിലാണ് തരൂരിന് ആശംസ നേര്‍ന്ന് കൊണ്ടുള്ള ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തിന്റെ പലയിടത്തും ശശി തരൂരിനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാലക്കാട് മങ്കരയിൽ ശശി തരൂരിൻ്റെ ചിത്രത്തിനൊപ്പം, തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ എന്നെഴുതിയ ഫ്ക്സ് ബോർഡാണ് ഉയര്‍ന്നത്. മങ്കരയിലെ കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് വച്ചത്. കെപിസിസി ആസ്ഥാനത്ത് അടക്കം പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഈരാറ്റുപേട്ടയിൽ ഇന്നലെ ശശി തരൂർ അനുകൂലരുടെ പ്രകടനവുമുണ്ടായി. ഇരുപതോളം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിച്ചു.
Also Read : കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്:'മത്സരം സൗഹാർദ്ദപരം, ശത്രുക്കള്‍ തമ്മിലുള്ള പോരാട്ടമല്ല' ശശി തരൂര്‍
കോൺഗ്രസിനെ നയിക്കാനും കോൺഗ്രസിന്റെ ഭാവിക്കും ശശി തരൂര്‍ എഐസിസി പ്രസിഡന്റാകണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ മല്ലികാര്‍ജുന ഖാര്‍ഗെയെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ പലയിടത്തും പ്രവര്‍ത്തകര്‍ തരൂരിനെ പിന്തുണച്ച് ഫ്ലക്സുകളും പ്രകടനങ്ങളും നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തെ കോട്ടയത്തിന്റെ പലഭാഗത്തും ശശി തരൂര്‍ അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Also Read : 'ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യം', തരൂരിന്‍റെ പ്രസ്‍താവനകളില്‍ ഖാര്‍ഗെയ്ക്ക് അതൃപ്‍തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam