കേരളത്തെ വിഴുങ്ങുന്ന വെള്ളാനയായി കിഫ്ബി മാറുന്നു: മുല്ലപ്പള്ളി

By Web TeamFirst Published Sep 19, 2019, 5:59 PM IST
Highlights

വലിയ പലിശ നിരക്കില്‍ എടുക്കുന്ന പണം പത്തുവര്‍ഷത്തിനുശേഷം തിരിച്ചടയ്ക്കുമ്പോള്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: കേരളത്തെ വിഴുങ്ങുന്ന വെള്ളാനയായി കിഫ്ബി മാറുന്നു എന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണു പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്നു കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കിഫ്ബിയില്‍ നടക്കുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുമെന്നു ഭയന്നാണ് മുഖ്യമന്ത്രി കിഫ്ബിയുടെ വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സിഎജിയെ അനുവദിക്കാത്തതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. ഓഡിറ്റ് നടത്താന്‍ അനുവദിക്കണമെന്ന സിഎജിയുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കിഫ്ബി കൂടിയ പലിശയ്ക്ക് എടുക്കുന്ന പണം ചെറിയ പലിശയ്ക്ക് നിക്ഷേപിച്ച് സംസ്ഥാനത്തിനു കനത്ത നഷ്ടം വരുത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തത് ഗുരുതരമായ വിഷയമാണ്. മസാല ബോണ്ടിലൂടേയും നബാര്‍ഡ്, എസ്ബിഐ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും ശരാശരി 9.5 ശതമാനം നിരക്കില്‍ പലിശയ്ക്കെടുത്ത പണമാണ് കുറഞ്ഞ നിരക്കില്‍ നിക്ഷേപിച്ച് വലിയ നഷ്ടം വരുത്തുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു പാദത്തില്‍ തന്നെ 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഇത്തരം നിരവധി ക്രമക്കേടുകള്‍ മറച്ചുവയ്ക്കാനാണ് സിഎജി ഓഡിറ്റിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു.

വലിയ പലിശ നിരക്കില്‍ എടുക്കുന്ന പണം പത്തുവര്‍ഷത്തിനുശേഷം തിരിച്ചടയ്ക്കുമ്പോള്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയാണ് ഉണ്ടാകാന്‍ പോകുന്നത്. മൂന്നേകാല്‍ വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാര്‍ ഇനിയൊരു തിരിച്ചുവരവില്ലെന്നു ബോധ്യമായതിനെ തുടര്‍ന്നാണ് ഈ രീതിയിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

click me!