കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനെ പ്രശംസിച്ച ജില്ലാ ജനറൽ സെക്രട്ടറിയെ കോൺഗ്രസ് സസ്പെന്റ് ചെയ്തു

Web Desk   | Asianet News
Published : May 23, 2020, 12:09 AM IST
കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനെ പ്രശംസിച്ച ജില്ലാ ജനറൽ സെക്രട്ടറിയെ കോൺഗ്രസ് സസ്പെന്റ് ചെയ്തു

Synopsis

മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറിയായ ടികെ അലവിക്കുട്ടിക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി കൈക്കൊണ്ടത്

മലപ്പുറം: കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത് കോൺഗ്രസ്. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറിയായ ടികെ അലവിക്കുട്ടിക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്.  മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തത്.

സ്വജീവൻ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസ് സേനയുൾപ്പെടയുള്ള സർക്കാർ സംവിധാനങ്ങളെയും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ടികെ അലവിക്കുട്ടി ഫെയ്സ്ബുക്കിൽ അഭിപ്രായപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ കുറ്റമറ്റ ഇടപെടലും കക്ഷി രാഷ്ട്രീയ ഭേദമന്യേ യോജിച്ച പ്രവർത്തനവും എല്ലാവിഭാഗം മതസാമുദായിക നേതാക്കളും സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കാണിച്ച അസാധാരണവും അനുകരണീയവുമായ സഹകരണവുമാണ് നമ്മുടെ നാടിനെ ലോകത്തെ തന്നെ 'സുരക്ഷിത മേഖല' എന്ന മികച്ച നിലയിലേക്കുയർത്തിയത്. അതുകൊണ്ടാണ് ലോകത്തെങ്ങമുള്ള മലയാളിസഹോദരങ്ങൾ എങ്ങനെയും നാട് പിടിക്കണമെന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. മെയ് 12 ന് പോസ്റ്റ് ചെയ്ത കുറിപ്പ് ജില്ലയ്ക്കകത്തെ കോൺഗ്രസിൽ ഭിന്നതയ്ക്ക് വഴിയൊരുക്കി. 

"മഹാമാരിയെ ഫലപ്രദമായി നേരിടാനാകാതെ വികസിതരാജ്യങ്ങൾ പോലും ഇന്ന് വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ഈ കൊച്ചുകേരളം  വളരെ സമർത്ഥമായി‌ നേരിടുകയാണ്. പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതിൽ പൂർണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നൽകിയിരുന്നെങ്കിൽ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു" എന്ന് മെയ് 21 ന് ഇട്ട പോസ്റ്റിൽ അദ്ദേഹം ഒന്നുകൂടി വ്യക്തമാക്കി.

"മൂല്യങ്ങൾ സംരക്ഷിക്കണോ, സ്വാർത്ഥമായ രഷ്ട്രീയമോഹങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരുമ്പോൾ, എന്തിന് സംശയിക്കണം, മൂല്യങ്ങളോടൊപ്പം അടിയുറച്ചുനിൽക്കുക എന്ന നിലപാട് തന്നെ" എന്നാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെ അദ്ദേഹം കുറിച്ചത്.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്