
ബത്തേരി: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും വൻ വിജയം നേടിയതോടെ വർധിത വീര്യത്തിലാണ് കോണ്‍ഗ്രസ്. ഈ പ്രകടനം നിലനിർത്തി നിയമസഭ തെരഞ്ഞെടുപ്പിൽ കുതിപ്പ് നടത്തി ഭരണമുറപ്പിക്കാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന ആലോചനയിലാണ് കോണ്‍ഗ്രസ് പാർട്ടി. കേരളത്തിൽ പ്രധാനപ്പെട്ട നേതാക്കളൊക്കെയും വയനാട്ടിൽ കൂടിയിരുന്ന് തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണ്. 'ലക്ഷ്യ ക്യാമ്പി'ൽ കോൺഗ്രസ് നേതാക്കൾ നിർണായക ചർച്ചകൾ നടത്തുമ്പോൾ തന്ത്രങ്ങൾ മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും എത്തിയിട്ടുണ്ട്. കോൺഗ്രസ് നേതൃയോഗത്തിലടക്കം സുനിൽ കനഗോലുവും പങ്കെടുക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ കെ പി സി സി യോഗത്തിലടക്കം പങ്കെടുത്ത കനഗോലു, 100 സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കോൺഗ്രസ് മോഹത്തിൽ ബത്തേരി ക്യാമ്പിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് സ്ഥാനാർഥികളുടെ ജയസാധ്യത സംബന്ധിച്ച പഠനമടക്കം കനഗോലുവാണ് നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ 80 സീറ്റുകളിൽ യു ഡി എഫിന് മേൽക്കൈയുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആലസ്യത്തിലേക്ക് വീഴാതെ അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളിലേക്കാണ് കോണ്‍ഗ്രസ് കടന്നത്. നൂറ് സീറ്റിലെ വിജയം എന്ന ഒറ്റ വഴി ആഹ്വാനവുമായിട്ടാണ് ബത്തേരിയിൽ കോൺഗ്രസ് നേതൃ ക്യാമ്പ് ലക്ഷ്യ പുരോഗമിക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്പിൽ കെ പി സി സി ഭാരവാഹികളും മുൻ ഭാരവാഹികളും എം പിമാരും അടക്കം 158 പേരാണ് പങ്കെടുക്കുന്നത്. ക്യാമ്പിൽ ഏറ്റവും ശ്രദ്ധേയം പ്രതിപക്ഷ നേതാവിന്‍റെ 'മിഷൻ 2026' ആണ്. രണ്ട് ഘട്ടമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കർമ്മപദ്ധതിയും വി ഡി സതീശൻ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവിന്‍റെ കേരളയാത്രയിൽ സ്ഥാനാർഥികളെയടക്കം വേദിയിലെത്തിക്കുന്ന നിലയിലാണ് 'ലക്ഷ്യ ക്യാമ്പി'ൽ ചർച്ചകൾ പുരോഗമിക്കുന്നത്. തെക്കൻ മേഖല പി സി വിഷ്ണുനാഥിന്‍റെയും മധ്യമേഖല എ പി അനിൽകുമാറിന്‍റെയും വടക്കൻ മേഖല ഷാഫി പറമ്പിലിന്‍റെയും അധ്യക്ഷതയിലുമാണ് ചര്‍ച്ച നടക്കുന്നത്.
2 ദിവസം നീണ്ടുനിൽക്കുന്ന 'ലക്ഷ്യ ക്യാമ്പ്' എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി മാത്രമാണെന്നും ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥി ആകരുതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയം അഭിമാനകരമാണെന്നും വരുന്ന തെരഞ്ഞെടുപ്പിലെ വിജയം ഈ നാടിനും പാർട്ടിക്കും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന വിരുദ്ധമായ ഒരു സർക്കാരിനെതിരെ അതി ശക്തമായ വികാരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഉണ്ടായത്. ബി ജെ പിയും സി പി എമ്മും പ്രധാന ശത്രുവായി കാണുന്നത് കോൺഗ്രസിനെയാണ്. രണ്ട് പാർട്ടികളും ചേർന്നാൽ കോൺഗ്രസ് ജയിക്കുമോ എന്ന് ചിലർ ആശങ്കപ്പെട്ടു. എന്നാൽ, ഒന്നും ഒന്നും രണ്ടല്ല എന്ന് ജനം വിധിയെഴുതിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam