കോൺഗ്രസിന് തലവേദനയായി വിമതർ, വയനാട്ടിലും പാലക്കാടും വിമതർക്കെതിരെ നടപടി

By Web TeamFirst Published Nov 25, 2020, 7:42 PM IST
Highlights

പാലക്കാട്‌ ഡിസിസി ജനറൽ സെക്രട്ടറി കെ. ഭവദാസ്, കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി) എന്നിവരുൾപ്പെടെ 13 പേരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

പാലക്കാട്/വയനാട്: തദ്ദേശതെരഞ്ഞടുപ്പിൽ തലവേദന സൃഷ്ടിക്കുന്ന വിമതർക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്.പാലക്കാട്, വയനാട് ജില്ലകളിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന വിമതർക്കെതിരെയാണ് കോൺഗ്രസ് ഡിസിസികൾ നടപടി സ്വീകരിച്ചത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്രിക നല്‍കിയവര്‍ക്കതിരെ പാര്‍ട്ടി പദവികള്‍ പരിഗണിക്കാതെയാണ് നടപടി. 

പാലക്കാട്‌ ഡിസിസി ജനറൽ സെക്രട്ടറി കെ. ഭവദാസ്, കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി) എന്നിവരുൾപ്പെടെ 13 പേരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ആറു വർഷത്തേക്കാണ് സസ്പെൻഷൻ. കെപിസിസി നിർദ്ദേശപ്രകാരം ആണ് നടപടി എന്ന് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠൻ വ്യക്തമാക്കി. 

അതേ സമയം വയനാട്ടിൽ വിമത പ്രവർത്തനം നടത്തിയ 12 പേരെ വയനാട് ഡിസിസി പുറത്താക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളെയും, പ്രവര്‍ത്തകരെയുമാണ് പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇവരെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

അതിനിടെ കെ മുരളീധരന് പിന്നാലെ കെപിസിസി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി കെ സുധാകരൻ എംപിയും രംഗത്തെത്തി. ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാർത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം അംഗീകരിക്കില്ലെന്ന് സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

വ്യക്തി താത്പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് ദുഖകരമാണ്. മൂന്ന് കെപിസിസി സ്ഥാനാർത്ഥികൾക്കും കൈപ്പത്തി ചിഹ്നം നൽകില്ല. ഡിസിസി നേരത്തെ പ്രഖ്യാപിച്ചവർ തന്നെ പാർട്ടി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നും ഡിസിസി സ്ഥാനാർത്ഥികളാണ് പാർട്ടി സ്ഥാനാർത്ഥികളെന്നും കെ സുധാകരൻ തുറന്നടിച്ചു. 

click me!