
വയനാട്: ശിലാസ്ഥാപനം നടന്ന് പതിനഞ്ച് ദിവസമായിട്ടും വയനാട്ടിലെ കോണ്‍ഗ്രസിന്‍റെ ടൗണ്‍ഷിപ്പില്‍ ഒരു വീടിന് പോലും കല്ല് വച്ചില്ല. ഉദ്ഘാടനം നടത്തി പോയ നേതാക്കെളെത്തുന്നതും ടൗണ്‍ഷിപ്പിന്‍റെ പണി തുടങ്ങുന്നതും കാത്ത് കിടക്കുകയാണ് കുന്നമ്പറ്റയിലെ ഭൂമിയും ചൂരല്‍മലക്കാരും. രാഹുല്‍ഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും എത്തിച്ച് ഗംഭീരമായ തറക്കില്ലടലൊക്കെ നടത്തി. പക്ഷെ പിന്നെയാരേയും ഇവിടെ കണ്ടിട്ടില്ല. ആളനക്കമില്ലാത്ത ഭൂമിയില്‍ നേതാക്കളുടെ ശല്യമില്ലാത്തതിനാല്‍ കിളികള്‍ സൈര്യവിഹാരം നടത്തുകയാണ്. പണി എപ്പോള്‍ തുടങ്ങുമെന്ന ചോദ്യത്തിന് ഉടൻ തുടങ്ങുമെന്ന പതിവ് പല്ലവിയാണ് ഇപ്പോഴും നേതാക്കള്‍ തുടരുന്നത്. പ്ലാനിന് അനുമതി കിട്ടിയിട്ട് പണി തുടുങ്ങുമെന്ന പറയുന്ന നേതൃത്വം പക്ഷെ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ട് പോലുമില്ല.
കുറെ കാപ്പിച്ചെടി വെട്ടിമുറിച്ചിട്ട് പോയ പോക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോള്‍ പൊടി പോലുമില്ല കണ്ട് പിടിക്കാനെന്ന് പ്രദേശവാസികൾ പറയുന്നു. തോട്ടഭൂമി വാങ്ങുന്നുവെന്ന സിപിഎം ആരോപണത്തിലാണ് ആദ്യം കോണ്‍ഗ്രസ് വീണത്. കണ്ട് വച്ച ഭൂമി ഒഴിഞ്ഞ് കുരുക്കുകള്‍ ഇല്ലാത്ത ഭൂമി കണ്ടെത്താൻ പരക്കം പാഞ്ഞു. ദിവസം നീളും തോറും വിമർശനവും നീണ്ടു. ഒടുവില്‍ ഒരുവിധേനയാണ് ഈ സ്ഥലം കണ്ട് പിടിച്ചത്. ചാടിക്കയറി വീട് പ്രഖ്യാപിച്ചവരെയൊന്നും കാണാനില്ലെങ്കിലും എവിടെ തുടങ്ങും എങ്ങനെ തുടങ്ങുമെന്ന് അറിയാതെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വെള്ളം കുടിക്കുകയാണ് വയനാട്ടിലെ ചില നേതാക്കള്‍. അതേസമയം കോണ്‍ഗ്രസ് വീട് വച്ചിട്ട് താമസം തുടങ്ങാമെന്ന പ്രതീക്ഷ ആർക്കും വേണ്ടെന്നാണ് എൽഡിഎഫ് നേതാക്കള്‍ പറയുന്നത്.
ഉരുൾപൊട്ടൽ ദുരന്തം തകർത്ത മുണ്ടക്കൈയുടെയും ചൂരൽമലയുടെയും പുനർനിർമ്മാണത്തിനായി കോൺഗ്രസ് പ്രസ്ഥാനം വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ നിർമ്മാണം ഒന്നാം ഘട്ടത്തിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ശിലാസ്ഥാപനം നടത്തിയത്. 8 സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിക്കുക എന്നാണ്കോൺഗ്രസിന്‍റെ വാഗ്ദാനം. മൂന്ന് കിടപ്പുമുറികൾ, വിശാലമായ ഹാൾ എന്നിവയുണ്ടാകും. ഭാവിയിൽ ഒരു നില കൂടി പണിയാൻ സാധിക്കുന്ന രീതിയിലാണ് സ്ട്രക്ചർ. താമസക്കാർക്ക് ഹോം സ്റ്റേ വഴി അധിക വരുമാനം ഉറപ്പാക്കാൻ വീടിന് പുറത്തുനിന്നും പ്രവേശിക്കാവുന്ന കോണിപ്പടികൾ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. 6 മീറ്റർ വീതിയുള്ള റോഡുകൾ, കമ്മ്യൂണിറ്റി പാർക്ക്, കമ്മ്യൂണിറ്റി സ്പേസ് എന്നിവ ഗ്രാമത്തിലുണ്ടാകും. കൃഷിക്കും പശുവളർത്തലിനുമായി പ്രത്യേക ഇടങ്ങളും മാറ്റിവെക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam