ഈ സീസണിലും നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവില്ല: കുടിവെള്ളത്തിന് സ്വകാര്യ ഏജൻസികൾ തന്നെ ശരണം

Published : Nov 12, 2021, 02:33 PM IST
ഈ സീസണിലും നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവില്ല: കുടിവെള്ളത്തിന് സ്വകാര്യ ഏജൻസികൾ തന്നെ ശരണം

Synopsis

എന്നാൽ കാലാവധി കഴിഞ്ഞ് കൊല്ലം രണ്ട് കഴിഞ്ഞിട്ടും 22 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കേണ്ട പൈപ്പ് ലൈനുകൾ ആറ് കിലോ മീറ്റർ പോലും എത്തിയിട്ടില്ല. 

പത്തനംതിട്ട: ഇക്കൊല്ലവും ശബരിമല (Sabarimala) തീർത്ഥാടന കാലത്ത് നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർഥ്യമാവില്ല. നിലവിൽ കുടിവെള്ളം എത്തിക്കാൻ സ്വകാര്യ ഏജൻസികളെയാണ് ആശ്രയിക്കുന്നത്. ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് നഷ്ടമാവുന്നത് കോടികണക്കിന് രൂപയാണ്

ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലക്കലിലെ (Nilakkal) കുടിവള്ള പ്രശ്നത്തിന് പരിഹാരം കാണാനാണ് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. ശബരിമല തീർത്ഥാടകർക്ക് പുറമെ ളാഹ, തുലാപ്പള്ളി, പ്ലാപ്പള്ളി സീതത്തോട് മേഖലയിലുള്ളവർക്കും പ്രയോജനമാകുന്ന പദ്ധതിക്കായി 130 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. 2019 നവംബറിൽ പണി പൂർത്തിയാക്കി കമ്മീഷൻ ചെയ്യുമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. 

എന്നാൽ കാലാവധി കഴിഞ്ഞ് കൊല്ലം രണ്ട് കഴിഞ്ഞിട്ടും 22 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കേണ്ട പൈപ്പ് ലൈനുകൾ ആറ് കിലോ മീറ്റർ പോലും എത്തിയിട്ടില്ല. സീതത്തോട് - കക്കാട്ടാറിന്റെ തീരത്ത് പന്പ് ഹൗസിന്റെയും 13 എംഎൽഡി ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റേയും മാത്രം പണിയാണ് ഇതുവരെ പൂർത്തിയായത്

ശബരിമല മെയ്ന്റനസ് ഫണ്ടിൽ നിന്നാണ് നിലവിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ പണം ചെലവാക്കുന്നത്. ഒരു കിലോ ലിറ്റർ അഥവാ 1000 ലിറ്ററിന് 256 രൂപയിലധികമാണ് സ്വകാര്യ ഏജൻസികൾക്ക് നൽകുന്നത്. 2018 മുതൽ 2020 വരെ പ്രതിവർഷം ശരാശരി 12 കോടി രൂപയോളം ഈ ഇനത്തിൽ ചെലവായി. എന്നാൽ പദ്ധതി നടത്തിപ്പിൽ വനം വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചതും കൊവിഡ് പ്രതിസന്ധികളുണ്ടായതുമാണ് പണികൾ വൈകാൻ കാരണമെന്നാണ് വാട്ടർ അതോരിറ്റിയുടെ വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം