കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർ ജെ ഡി രംഗത്തെത്തി. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ സമ്പൂർണ്ണ പരാജയത്തിന് കാരണം സിപിഎമാണെന്ന് ആര്‍ജെഡി തുറന്നടിച്ചു.

കോഴിക്കോട്: കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർ ജെ ഡി രംഗത്തെത്തി. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ സമ്പൂർണ്ണ പരാജയത്തിന് കാരണം സിപിഎമാണെന്ന് ആര്‍ജെഡി തുറന്നടിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിൽ മത്സരിച്ച നാല് ആർ ജെ ഡി സ്ഥാനാർത്ഥികളെയും തോൽപ്പിക്കാനായി ഒരു വിഭാഗം സിപിഎം നേതാക്കൾ പ്രവർത്തിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് ഉൾപ്പെടുത്തി ആർജെഡി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. 

പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആർ ജെ ഡി സീറ്റിൽ സ്ഥാനാർത്ഥിയെ സിപിഎം അടിച്ചേൽപ്പിച്ചു, സിപിഎം പ്രാദേശിക നേതാവിന്‍റെ താൽപര്യാർത്ഥം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടന്നു, ആർജെഡി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനം വരെ ഉണ്ടായി തുടങ്ങിയ കാര്യങ്ങളാണ് ആര്‍ജെഡി പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഇല്ലെങ്കിൽ പ്രവർത്തകർ സ്വന്തം നിലയിൽ തീരുമാനം എടുക്കുമെന്നും ആർജെഡി നേതാക്കൾ വ്യക്തമാക്കി.ആര്‍ജെഡി കോഴിക്കോട് ഒന്നാം നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.കാരപ്പറമ്പ്, നടക്കാവ്, മൂന്നാലിങ്ങൽ, മാവൂര്‍ റോഡ് എന്നീ വാര്‍ഡുകളിലാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഈ നാലു വാര്‍ഡുകളിലും ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു.