
കൊച്ചി: കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. ലൈബീരിയൻ പതാകയുമായെത്തിയ എംഎസ്‍സി എൽസ-3 എന്ന പേരുള്ള ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. മൂന്നുപേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നു ജീവനക്കാര്‍ ഇപ്പോഴും കപ്പലിലുണ്ട്.
കൊച്ചി തീരത്തുനിന്ന് 30 നോട്ടികൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിന്‍റെ ഒരു വശം പൂര്‍ണമായും ചെരിഞ്ഞുകിടക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. കപ്പൽ നിലവിൽ മുങ്ങിത്താഴ്ന്നില്ലെന്നും സ്ഥിരതയോടെയാണ് നിൽക്കുന്നതെന്നുമാണ് കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നത്.
കപ്പലിൽ 20 ഫിലിപ്പൈൻ പൗരൻമാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഒരു ജോർജിയൻ പൗരനും റഷ്യൻ പൗരനായ ക്യാപ്റ്റനുമാണ് ഉണ്ടായിരുന്നത്. വിവിധ തരത്തിലുള്ള ചരക്കുകളാണ് കണ്ടെയ്നറുകളിലുള്ളത്. ഇതിൽ ചിലത് അപകടകരമായ ഇന്ധനമടക്കം ഉണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റുകാർഡിന്‍റെ കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്കിട്ടു നൽകിയാണ് രക്ഷാപ്രവര്‍ത്തനം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്ക് പോയ ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
കൊച്ചിയിലെത്തി തൂത്തുക്കുടിയിലേക്ക് പോകേണ്ടതായിരുന്നു കപ്പൽ. ഇന്ന് രാത്രി പത്തിനാണ് കൊച്ചിയിലെത്തേണ്ടിയിരുന്നത്. മറൈൻ ഗ്യാസ് ഓയിലടക്കമുള്ള അപകടകരമായ ഇന്ധനം കണ്ടെയ്നറുകളിലുണ്ടെന്നാണ് വിവരം. ഇതിന് പുറമെ മറൈൻ ഇന്ധന വിഭാഗത്തിലുള്ള ലോ സള്‍ഫര്‍ ഫ്യൂവൽ ഓയിലുമുണ്ടെന്നാണ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിക്കുന്നത്. കൊളംബോയിൽ നിന്നും വന്ന ലൈബീരിയൻ പതാകക്ക് കീഴിലെത്തിയ കപ്പലാണിത്. 183.91 മീറ്റര്‍ നീളവും 25.3 മീറ്റര്‍ വീതിയുമുള്ള ഫീഡർ സർവീസ് വിഭാഗത്തിൽപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്ത് മദർഷിപ്പുകൾ എത്തിക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നത് അപകടത്തിൽപ്പെട്ട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫീഡർ കപ്പലുകളിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam