കിലയിലെ നിയമന വിവാദം‍; സ്ഥിരപ്പെടുത്തിയവരെ ആദ്യം നിയമിച്ചത് മതിയായ യോഗ്യതയില്ലാതെ

By Web TeamFirst Published Jan 13, 2021, 8:03 PM IST
Highlights

കിലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദം യോഗ്യതയായി നിശ്ചയിച്ചെങ്കിൽ ജോലിയിൽ പ്രവേശിച്ച ശേഷമാണ് പലരും ബിരുദം നേടിയത്. 2018ൽ പ്രവേശിച്ചവരുടെ പേരുകൾ വരെ ഉൾപ്പെടുത്തിയാണ് കില ഡയറക്ടർ സർക്കാരിന് പട്ടിക കൈമാറിയത്.
 

തിരുവനന്തപുരം: കിലയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ കൂടുതൽ കള്ളകളികൾ പുറത്ത്. മതിയായ യോഗ്യതയില്ലാതെ നേരിട്ട് നിയമിച്ചവരെയാണ് പത്ത്‍ വർഷം പ്രവൃത്തി പരിചയം ചൂണ്ടികാട്ടി നിയമിച്ചത്. കിലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദം യോഗ്യതയായി നിശ്ചയിച്ചെങ്കിൽ ജോലിയിൽ പ്രവേശിച്ച ശേഷമാണ് പലരും ബിരുദം നേടിയത്. 2018ൽ പ്രവേശിച്ചവരുടെ പേരുകൾ വരെ ഉൾപ്പെടുത്തിയാണ് കില ഡയറക്ടർ സർക്കാരിന് പട്ടിക കൈമാറിയത്.

എഴുത്തു പരീക്ഷയോ, അഭിമുഖമോ ഒന്നുമില്ലാതെ കരാർ ജീവനക്കാരായി കയറികൂടിയവർ. പത്ത് വർഷം മുമ്പ് പിൻവാതിലിലൂടെ എത്തിയവർക്ക് ഇപ്പോൾ സർക്കാർ ജോലിയായി. തദ്ദേശവകുപ്പിന് കീഴിലെ കിലയിൽ നടന്ന നിയമനങ്ങളുടെ കൂടുതൽ തട്ടിപ്പുകളാണ് പുറത്താകുന്നത്. 2008ൽ ഡിറ്റിപി ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ച ശ്രീലതയെ ഒരു കടമ്പയുമില്ലാതെ നേരിട്ടാണ് നിയമിച്ചതെന്ന് കിലയുടെ ഈ രേഖയിൽ വ്യക്തം. യോഗ്യതയായി നിർദ്ദേശിച്ചത് ബിരുദം. എന്നാൽ ശ്രീലതയുടെ ബിരുദ സർട്ടിഫിക്കറ്റിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയത് 2010ൽ. 

സർട്ടിഫിക്കറ്റ് ലഭിച്ചത് 2012ൽ. അടിസ്ഥാന യോഗ്യത ബിരുദമെന്ന് നിഷ്ക്കർഷിച്ച തസ്തികയിൽ ബിരുദമില്ലാതെ തന്നെ കരാർ ജീവനക്കാരിയായി പ്രവേശിച്ചതിന്‍റെ തെളിവുകളാണ് പുറത്തുവന്നത്. അക്കാദമിക്ക് മികവ് അവകാശപ്പെടുന്ന കിലയിൽ ലക്ചററായി സ്ഥിര നിയമനം നേടാൻ ഗവേഷണ ബിരുദം പോലും ആവശ്യമില്ല. മാനദണ്ഡങ്ങളൊന്നും കാര്യമാക്കാതെ ഇഷ്ടാനുസരണം നിയമിച്ചവരെല്ലാം ഇന്ന് ഭരണത്തിന്‍റെ തണലിൽ സർക്കാരിന്‍റെ സ്ഥിരം ജീവനക്കാർ. പത്ത് വർഷം പൂർത്തിയാക്കിയ പത്ത് പേരെയാണ് കിലയിൽ സർക്കാർ സ്ഥിരപ്പെടുത്തിയത്. 

എന്നാൽ എക്സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കിയ 23 പേരുടെ പട്ടികയിൽ 2017 ലും, 2018 ലും ജോലിയിൽ പ്രവേശിച്ചവരും ഉൾപ്പെട്ടു. ഇവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയ പട്ടികയാണ് സർക്കാരിന് കൈമാറിയത്. പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്തണമെന്ന തദ്ദേശവകുപ്പിന്‍റെ നിർദ്ദേശത്തിൽ നിയമ വകുപ്പും ധനവകുപ്പം ഉയർത്തിയ എതിർപ്പുകൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. യോഗ്യതയുള്ളവർ പുറത്ത് നിൽക്കുമ്പോഴാണ് പിൻവാതിൽ നിയമനങ്ങളിൽ കള്ളക്കളികൾ പുറത്താകുന്നത്. കരാർ നിയമനം ഇഷ്ടനിയമനങ്ങളാകുന്നു എന്ന ആക്ഷേപങ്ങളും ശരിവെയ്ക്കപ്പെടുന്നു. 

click me!