
ആലപ്പുഴ: നഗരസഭ കൗണ്‍സിലറുടെ ലോറിയില്‍ ലഹരിവസ്തുക്കള്‍ കടത്തിയ ഇജാസ് ഇക്ബാലിനെ ചൊല്ലി സിപിഎമ്മില്‍ വീണ്ടും വിവാദം ശക്തമാകുന്നു. സിപിഎം സിസിവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമായിരുന്ന ഇജാസിനെ കഴിഞ്ഞ ഓഗസ്റ്റിൽ 55 കിലോ ലഹരി വസ്തുക്കളുമായി എക്സൈസ് അറസ്റ്റ് ചെയ്തിട്ടും നടപടി എടുക്കാതെ പാര്‍ട്ടി സംരക്ഷിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കൗൺസിലർ ഷാനവാസിനെ അനുകൂലിച്ചവർക്ക് ഭൂരിപക്ഷം വരുന്ന തരത്തിൽ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചതിനെരെയും പാർട്ടിയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
ലഹരക്കടത്തില്‍ കൗണ്‍സിലര്‍ എ ഷാനവാസിനെ സസ്പെന്‍റ് ചെയ്തും ഇജാസ് ഇക്ബാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയും സിപിഎം തല്‍ക്കാലത്തേക്ക് മുഖം രക്ഷിച്ചെങ്കിലും സിപിഎമ്മിനെ ചോദ്യങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ഇത്തവണ കേസിലെ മുഖ്യപ്രതിയും സിസിവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗവുമായിരുന്ന ഇജാസിനെ ചൊല്ലിയാണ് പാര്‍ട്ടി നേതൃത്വത്തെ, സാധാരണ പ്രവര്‍ത്തകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 26 ന് ആലപ്പുഴ കളക്ടറേറ്റിന് സമീപം 55 കിലോ ലഹരി വസ്തുക്കളുമായി ഒരു ലോറി എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. വാഹനത്തില്‍ നിന്ന് നാല് പേരെ പിടികൂടി. ഇതിലൊരാളായിരുന്നു ഇജാസ് ഇക്ബാല്‍. പൊലീസിന് കൈമാറിയ പ്രതികളെ അന്ന് രാത്രി തന്നെ ആള്‍ജാമ്യത്തില്‍ വിട്ടു.
പ്രതികളുടെ ചിത്രമടക്കം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും എന്ത് കൊണ്ടാണ് അന്ന് ഇജാസിനെതിരെ നടപടിയെടുത്തില്ലെന്നതാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം. സ്ഥാപിത താല്‍പ്പര്യങ്ങളുള്ള ചില നേതാക്കള്‍ ഇടപെട്ട് ഇജാസിനെ സംരക്ഷിക്കുകയായിരുന്നുവെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അന്നേ നടപടി എടുത്തിരുന്നുവെങ്കില്‍ പാര്‍ട്ടിയെ വന്‍ പ്രതിരോധത്തിലാക്കിയ ഇപ്പോഴത്തെ ലഹരിക്കടത്തില്‍ നിന്ന് മുഖം രക്ഷിക്കാനാവുമായിരുന്നു എന്നാണ് ഇവരുടെ വാദം
കൗണ്‍സിലര്‍ ഷാനവാസിനെതിരെയുള്ള അന്വേഷണ കമീഷന്‍റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റില്‍ ഷാനവാസിനെതിരെ കടുത്ത നടപടി വേണ്ടെന്നാണ് മൂന്നംഗ കമ്മീഷനിലുണ്ടായിരുന്ന ജി വേണുഗോപാലും കെ എച്ച് ബാബു ജാനും വാദിച്ചത്. ഭൂരിപക്ഷം ഇജാസിനെതിരെ നടപടി വേണ്ടെന്ന് ആവശ്യപ്പെട്ടത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ തോതില്‍ വിമര്‍ശനത്തിന് കാരണമായി. ഇതിന് പുറമേയാണ് ലഹരിക്കടത്തില്‍ ഷാനവാസിനെതിരെ തെളിവില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ പരസ്യപ്രസ്താവന.
കൂടുതല്‍ വായനയ്ക്ക്: 'ഷാനവാസിന് സജി ചെറിയാന്‍ ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല'; പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ആര്‍ നാസര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam