Asianet News MalayalamAsianet News Malayalam

'ഷാനവാസിന് സജി ചെറിയാന്‍ ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല'; പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ആര്‍ നാസര്‍

ഷാനവാസ് കുറ്റക്കാരൻ അല്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണ കമ്മീഷന് മുന്നിൽ നിൽക്കുന്ന വിഷയമാണതെന്നും ആർ നാസർ പറഞ്ഞു.  

R Nazar says Saji Cherian has not given clean chit to Shanawas on drug trafficking case
Author
First Published Jan 12, 2023, 3:04 PM IST

ആലപ്പുഴ: ലഹരിക്കടത്തില്‍ ഷാനവാസിന് സജി ചെറിയാൻ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ചു എന്നാണ് സജി ചെറിയാന്‍ തന്നോട് പറഞ്ഞത്. ഷാനവാസിനെതിരെ തെളിവില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞിട്ടില്ലെന്നും ആർ നാസർ പറഞ്ഞു.

ലഹരിക്കടത്തിൽ ഷാനവാസിനെതിരെ ഉയരുന്ന ആരോപണത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമുള്ളതിനാലാണ് കമ്മീഷനെ വെച്ചത്. ഷാനവാസ് കുറ്റക്കാരൻ അല്ലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണ കമ്മീഷന് മുന്നിൽ നിൽക്കുന്ന വിഷയമാണതെന്നും ആർ നാസർ പറഞ്ഞു.  

Also Read: ഷാനവാസിനെതിരെ തെളിവില്ല, ജാഗ്രതക്കുറവുണ്ടായി; അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

ലഹരി കടത്ത് കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎം, ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. സസ്പെന്‍ഷനായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് രണ്ട് കുറ്റങ്ങളാണ്. വാഹനം വാങ്ങിയപ്പോഴും വാടകക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ലെന്നതും ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി എന്നതും.

വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ, ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗം ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. 

Also Read: ലഹരിക്കടത്ത് കേസിൽ പാർട്ടിയുടെ സമാന്തര അന്വേഷണം; തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിൽ ഷാനവാസ്

എന്നാല്‍, ലഹരിക്കടത്തില്‍ പൊലീസും സിപിഎമ്മും സമാന്തര അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ ഒരിക്കൽ കൂടി പാര്‍ട്ടിയില്‍ ശക്തനായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് എ ഷാനവാസ്. വാഹനം വാടകയ്ക്ക് നൽകിയിരിക്കുകയാണെന്ന് ഷാനവാസ് പൊലീസിനോടും ആവർത്തിക്കുന്നത്. ഇത് സംബന്ധിച്ച രേഖകളും കൈമാറി. മുദ്രപത്രം തയ്യാറാക്കിയ ആളുടേയും സ്റ്റാമ്പ് നൽകിയ വ്യക്തിയുടേയം മൊഴി പൊലീസെടുത്തു. കരാ‍ർ രേഖകൾ വ്യാജമായി ചമച്ചതാണോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios