ആർസനിക് ആൽബം കൊവിഡിനെതിരെ ഫലപ്രദമോ; പോരടിച്ച് ഹോമിയോ - മോഡേൺ മെഡിസിൻ ഡോക്ടർമാർ

By P R PraveenaFirst Published Oct 19, 2021, 4:15 PM IST
Highlights

കൊവിഡിനെിതിരെ ഫലപ്രദമാണെന്ന് ഇത് വരെ തെളിയിക്കപ്പെടാത്ത മരുന്നാണ് ആർസെനികം ആൽബമെന്നാണ് മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ വാദം.  മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ഹോമിയോ ഡോക്ടർമാർ പറയുന്നത്.


തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് (Homeo) വിതരണം ചെയ്യുന്നതിൽ ഹോമിയോ - മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ പോര് കടുക്കുന്നു. സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മോഡേൺ മെഡിസിൻ ഡോക്ടർമാർ (Modern Medicine) കോടതിയെ സമീപിച്ചു. ശിശുരോഗ വിദഗ്ധരുടെ സംഘടനയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യാതൊരു വിധ ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്ന് കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് ആക്ഷേപം. എന്നാൽ ഇതെല്ലാം ഹോമിയോക്കെതിരായ കുപ്രചരണമാണെന്നും മരുന്ന് സുരക്ഷിതമാണെന്നുമെന്ന നിലപാടിലാണ് ഹോമിയോ ഡോക്ടർമാർ. 

കൊവിഡിനെിതിരെ ഫലപ്രദമാണെന്ന് ഇത് വരെ തെളിയിക്കപ്പെടാത്ത മരുന്നാണ് ആർസെനികം ആൽബമെന്നാണ് മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ വാദം. കുട്ടികളെ കൊവിഡ് സാരമായി ബാധിക്കില്ലെന്നാണ് ഇത് വരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ കുട്ടികളെ കൊവിഡ് പ്രതിരോധ ശീലങ്ങൾ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ഇത്തരം മരുന്നുകൾ നൽകുകയല്ല വേണ്ടതെന്നും ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ വാദിക്കുന്നു. 

ഹോമിയോ മരുന്നിൽ ആർസെനിക് സാന്നിദ്ധ്യമുണ്ടെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മോഡേൺ മെഡിസിൻ ഡോക്ടമാർ വാദിക്കുന്നു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് ഇതിന് തെളിവായി കാണിക്കുന്നത്. ഇത് വരെ ഒരാളിൽ പോലും പരീക്ഷിച്ച് ഗുണനിലവാരം ഉറപ്പിക്കാത്ത മരുന്നാണ് ആർസനികം ആൽബുമമെന്നും സ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു കാരണവശാലും ഈ മരുന്ന് നൽകരുതെന്നുമാണ് ആവശ്യം.

അതേസമയം ഹോമിയോ ഡോക്ടർമാർ പറയുന്നത് മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ്. ഏതെങ്കിലും സ്വകാര്യ ലാബിൽ നടത്തിയ പരിശോധന റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്നും ആർസനിക് ആൽബം സുരക്ഷിതമാണെന്നും ഹോമിയോ ഡോക്ടർമാർ പറയുന്നു. വർഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണ് ഇതെന്നും  അത് കുട്ടികൾക്ക് കൊടുക്കുന്നത് കൊണ്ട് ഒരു ദോഷവുമില്ലെന്നും ഹോമിയോ ഡോക്ടർ യഹ്യ പാറക്കാവെട്ടി വാദിക്കുന്നു. ഹോമിയോയ്ക്ക് എതിരായ കുപ്രചരണം മാത്രമാണ് ഐഎംഎ അടക്കം നടത്തുന്നതെന്നാണ് കുറ്റപ്പെടുത്തൽ. 

കൊവിഡ് ലക്ഷണങ്ങളായ പനിയ്ക്കും ചുമയ്ക്കുമെല്ലാം നൽകുന്ന മരുന്നാണ് ഇതെന്നും രോഗ തീവ്ര അനുസരിച്ച് മരുന്ന് മാറ്റി നൽകുകയാണ് ചെയ്യുന്നതെന്നും ഹോമിയോ ഡോക്ടർമാർ വിശദീകരിക്കുന്നു. സിസിആർഎച്ച് 6,25,000 പേരിൽ പഠനം നടത്തിയിട്ടുണ്ടെന്നും മരുന്ന് 99.3 ശതമാനം ഫലപ്രദമാമെന്ന് കണ്ടെത്തിയെന്നും ഡോ യഹ്യ പറയുന്നു. പേടി പോലും മാറ്റുന്ന മരുന്നാണെന്നാണ് അവകാശവാദം. 

നേരത്തെയും ഈ മരുന്ന് ഉപയോഗിക്കാനുള്ള നിർദ്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെ കോടതിയെ സമീപിച്ചാണ് ഹോമിയോ ഡോക്ടർമാർ ലക്ഷണമില്ലാത്ത രോഗികളെ ചികിത്സിക്കാനുള്ള അനുമതി നേടിയെടുത്തത്. അപ്പോഴും രോഗം ഗുരുതരമാകുകയാണെങ്കിൽ രോഗികൾക്ക് മോഡേൺ മെഡിസിൻ ചികിത്സ ലഭ്യമാക്കണം. 

രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പ്രതിരോധ മരുന്ന് നൽകൂവെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

മറ്റ് രോഗങ്ങളുള്ള കുട്ടികൾക്ക് മാത്രമേ വാക്സീൻ പോലും നൽകേണ്ടതുള്ളൂവെന്നാണ് മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ നിലപാട്. കൊവിഡ് കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നില്ലെന്ന വിവിധ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. അപ്പോഴാണ് ഒരു ഹോമിയോ മരുന്ന് കുട്ടികൾക്ക് പ്രതിരോധ ശേഷി നൽകുമെന്ന പ്രചരണം സർക്കാർ തന്നെ നടത്തുന്നതെന്നതാണ് ഡോക്ടർമാരെ ചൊടിപ്പിക്കുന്നത്. 

എന്തായാലും പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ നീക്കം. 

click me!