
ഭോപ്പാൽ: മധ്യപ്രദേശില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രമോദ് പവന്‍ എന്ന 51 കാരനെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പ്രമോദ് സോഷ്യല്‍ മീഡിയയില്‍ ചില വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ഈ വീഡിയോയില്‍ പൊലീസ് ഉദ്യോഗസ്ഥരേയും പ്രാദേശിക ഗുണ്ടാസംഘത്തിലെ അംഗങ്ങളേയും പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. ഇവരുടെ ഭാഗത്തുനിന്ന് തനിക്ക് ജാതിവിവേചനവും മാനസിക പീഡനവും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രമോദ് തന്‍റെ വീഡിയോയില്‍ പറയുന്നുണ്ട്.
പ്രാദേശിക മാഫിയയുമായി ബന്ധപ്പെട്ട് നടന്ന അനധികൃത മണല്‍ ഖനനം തടയാന്‍ ശ്രമിച്ചതിന് ഗോദാൻ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അരവിന്ദ് സിങിന്‍റെ നേതൃത്വത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് പ്രമോദ് മരിക്കുന്നതിന് മുന്‍പ് വെളിപ്പെടുത്തിയത്. ഈ സംഭവത്തിന് ശേഷം നിരന്തരം ജാതി അധിക്ഷേപം നേരിടുകയാണെന്നും വധഭീഷണിയുണ്ടായി, ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
കൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ചൂതാട്ട കേന്ദ്രങ്ങൾ സംരക്ഷിക്കുന്നു എന്നും പ്രമോദ് ആരോപിക്കുന്നു. നിരവധി കൊലപാതകത്തില്‍ ഉൾപ്പെടെ തുമ്പ് ലഭിക്കണമെങ്കില്‍ ഗോദാൻ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ രൂപ് നാരായൺ യാദവിന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ചാൽ മതി, നിര്‍ണായക തെളിവുകൾ പുറത്തുവരും എന്നും മരിക്കുന്നതിന് മുമ്പ് പ്രമോദ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
'ഇന്നലെ രാത്രി അദ്ദേഹം ആത്മഹത്യ ചെയ്തതായി ഇന്ന് രാവിലെ ഞങ്ങൾക്ക് വിവരം ലഭിച്ചു. എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്. അന്വേഷണം നടക്കുന്നുണ്ട്, അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. ഓരോ വീഡിയോയും നിഷ്പക്ഷമായി പരിശോധിക്കും. അദ്ദേഹം പങ്കിട്ട രേഖകളും വിശദമായി പരിശോധിക്കുകയും നീതിയുക്തവും പക്ഷപാതരഹിതവുമായ അന്വേഷണം ഉറപ്പാക്കുകയും ചെയ്യും' എന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഉമേഷ് ഗാർഗ് പ്രതികരിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam