കോട്ടയം: സൗദി അറേബ്യയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി റിപ്പോർട്ട്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിയായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ പിടിപ്പെട്ടത്. 

മലയാളി നഴ്‌സിനെ കൂടാതെ ഇതേ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. ഇവർക്കാണ് ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് നഴ്സിന് രോഗം പിടിപെട്ടതെന്നും ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറഞ്ഞു. വൈറസ് പടരുമോ എന്ന് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ ആശുപത്രി അധികൃതർ മറച്ചുവയ്ക്കുന്നതായും നഴ്സുമാർ പറഞ്ഞു. സംഭവം ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി.

Read More: ഭയന്നത് സത്യം;'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും

അതേസമയം, ചൈനയിലും അമേരിക്കയിലും കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം നൽകിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകമായി നിരീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. രോഗബാധ പ്രതിരോധിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read More: കൊറോണ വൈറസ്: സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം

ചൈനയിൽ ആണ് ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളുമടക്കം പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികളോടു നഗരംവിട്ടുപോകരുതെന്നും അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്.     

Read More: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി