
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് (Covid 19) കുതിച്ചുയരുന്നു. പരിശോധന കുറയുമ്പോൾ രോഗികൾ കുറയുന്ന വാരാന്ത്യ ആശ്വാസവും ഞായറാഴ്ചയായ ഇന്നില്ല. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്കാണ് ഇന്നത്തേത്. 59,314 സാംപിളുകൾ പരിശോധിച്ചപ്പോൾ 30.55 ആണ് ടിപിആർ. കഴിഞ്ഞ വർഷം മെയ് 12 ൽ 29.75 ലെത്തിയതാണ് ഇതിന് മുൻപുണ്ടായ ഉയർന്ന ടിപിആർ നിരക്ക്. അന്ന് പരിശോധിച്ചത് 1,46,320 സാംപിളുകളാണ്. ഏറ്റവുമധികം കേസുകളുണ്ടായതും അന്നുതന്നെയാണ്. 43, 529 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പരിശോധിക്കുന്നതിൽ 30 ശതമാനവും പോസിറ്റീവാകുന്ന ഗുരുതര സ്ഥിതിയാണ് കേരളത്തിലുള്ളത്. തിരുവനന്തപുരത്ത് 3917 പേർക്കും എറണാകുളത്ത് 3204 പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും വളരെപ്പെട്ടെന്ന് ഒരു ലക്ഷം കടന്ന് കുതിക്കുകയാണ്. 1,03864 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിവാര കണക്കനുസരിച്ച് ആശുപത്രിയിലുള്ളവരുടെ എണ്ണത്തിൽ 77 ശതമാനവും, ഐസിയു കേസുകളിൽ 14 ശതമാനവും, വെന്റിലേറ്റർ കേസുകളിൽ 3 ശതമാനവും ഓക്സിജൻ കിടക്കകളിലെ രോഗികശുടെ എണ്ണം 21 ശതമാനവും കൂടിയിട്ടുണ്ട്.
മൂന്നാം ദിവസവും ടിപിആർ 30 ന് മുകളിൽ, 11 ക്ലസ്റ്ററുകൾ, എറണാകുളത്ത് കർശന നിയന്ത്രണം
കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണമാലോചിക്കുകയാണ്. തിരുവനന്തപുരത്ത് കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. വിദ്യാർത്ഥികളുടെ പ്രതിഷേധം മറികടന്നാണ് ഇന്ന് ഐരാണിമുട്ടത്തെ ഹോമിയോ മെഡിക്കൽ കോളേജ് വീണ്ടും കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. വിദ്യാർത്ഥികൾ തഹസിൽദാരടക്കമുള്ളവരെ തടയാനും ശ്രമിച്ചിരുന്നു.
എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30 ന് മുകളിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തൽ. ടിപിആർ ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കാ൯ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam