
തൃശ്ശൂർ: കൊറോണ വൈറസ് ബാധയേറ്റ് തൃശ്ശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ട് . തൃശൂരിൽ രോഗലക്ഷണമുള്ള 15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതുവരെ 24 സാമ്പിളുകൾ അയച്ചതിൽ 18 എണ്ണം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന് 15 സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 85 ഐസൊലേഷൻ വാർഡുകളും പൂർണ്ണ സജ്ജമാണ്. തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ ബോധവൽക്കരണം പരിപാടി നടത്തുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 58 പേർ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരാരും പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ പൊതു വാഹനം ഉപയോഗിക്കുകയോ ചെയ്യരുത്. എല്ലാ ജില്ലകളിലും കൊറോണ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.
കൊറോണബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി അറിയിച്ചു. തൃശ്ശൂരിൽ തുടരുന്ന മന്ത്രി നാളെ രാവിലെ കൊച്ചിയിലേക്ക് പോകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam