'എന്റെ ജീവിതം ആ ബാ​ഗിനകത്താണ്, കണ്ടുകിട്ടുന്നവർ ദയവായി തിരിച്ചുതരിക'; അപേക്ഷയുമായി ​​ഗവേഷണ വി​ദ്യാർഥി

By Web TeamFirst Published Jan 31, 2020, 7:32 PM IST
Highlights

ഏഴു വർഷം നീണ്ട മജീദിന്റെ ഗവേഷണത്തിന്‍റെ കണ്ടെത്തലുകളും പിഎച്ച്ഡിക്കു വേണ്ടി തയാറാക്കിയ പ്രബന്ധവുമെല്ലാം അടങ്ങിയ ലാപ്ടോപ്പും പെൻഡ്രൈവും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ട ബാഗിലുള്ളത്. കറുപ്പ് നിറത്തിലുള്ള അമേരിക്കന്‍ ടൂറിസ്റ്ററിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. 

തൃശ്ശൂര്‍: യാത്രയ്ക്കിടെ കെഎസ്ആർ‌ടിസി ബസ്സിൽവച്ച് ​ഗവേഷണ വിദ്യാർഥിയുടെ ലാപ്ടോപ്പ് അടങ്ങിയ ബാ​ഗ് മോഷണംപോയി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ചരിത്ര വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ മജീദ് പിയുടെ ബാ​ഗാണ് മോഷണം പോയത്. ഗവേഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രീ സബ്മിഷൻ അവതരണം കഴിഞ്ഞു മടങ്ങുകയായിരുന്നു മജീദ്. ബുധനാഴ്ച തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ചായിരുന്നു സംഭവം.

ഏഴു വർഷം നീണ്ട മജീദിന്റെ ഗവേഷണത്തിന്‍റെ കണ്ടെത്തലുകളും പിഎച്ച്ഡിക്കു വേണ്ടി തയാറാക്കിയ പ്രബന്ധവുമെല്ലാം അടങ്ങിയ ലാപ്ടോപ്പും പെൻഡ്രൈവും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ട ബാഗിലുള്ളത്. കറുപ്പ് നിറത്തിലുള്ള അമേരിക്കന്‍ ടൂറിസ്റ്ററിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. മജീദിന്റെ ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പെന്‍ഡ്രൈവ്, 2000 രൂപ, ബൈക്കിന്റെയും വീടിന്റെയും താക്കോല്‍ എന്നിവയും നഷ്ടപ്പെട്ട ബാഗില്‍ ഉണ്ടായിരുന്നു. ബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മജീദിന്റെ ബാ​ഗ് എ‍ടുത്തുകൊണ്ടുപോകുകയും പകരം മറ്റൊരു കാലിയായ ബാ​ഗ് ബർത്തിൽ വയ്ക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവം നടന്ന ദിവസം രാത്രി തന്നെ പൊലീസിൽ വിവരമറിയിക്കുകയും സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ബാ​ഗ് നഷ്ടപ്പെട്ടതു സംബന്ധിച്ചുള്ള ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മജീദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.നഷ്ടപ്പെട്ട ബാ​ഗ് ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നും എന്നാൽ പ്രതീക്ഷയുണ്ടെന്നും മജീദ് വ്യക്തമാക്കി. പാലക്കാട് എടത്തനാട്ടുക്കര സ്വദേശിയാണ് മജീദ്.

അതേസമയം, പണം എടുത്ത ശേഷം ലാപ്‌ടോപ്പും മറ്റു രേഖകളും അടങ്ങിയ ബാഗ് മോഷ്ടാവ് തിരിച്ച് ഏല്‍പ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് മജീദ്. ബാഗിനെക്കുറിച്ചോ ലാപ്‌ടോപ്പിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പര്‍. മജീദ് പി. 9809243709, 6238303180.

click me!