നിപയ്ക്ക് പിന്നാലെ കൊറോണയും; കൊട്ടിഘോഷിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നോക്കുകുത്തി

Published : Jan 31, 2020, 08:15 PM IST
നിപയ്ക്ക് പിന്നാലെ കൊറോണയും; കൊട്ടിഘോഷിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നോക്കുകുത്തി

Synopsis

ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഒരു വൈറോളജിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല. കൂടാതെ ആവശ്യമുള്ള ഉപകരണങ്ങളുമില്ല

തിരുവനന്തപുരം: നിപയ്ക്ക് പിന്നാലെ കൊറോണയും  ആശങ്ക പരത്തുമ്പോൾ രോഗ നിർണ്ണയത്തിനായി കൊട്ടിഘോഷിച്ച് തുടങ്ങിയ തിരുവനന്തുപുരം തോന്നക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിൽ മാത്രം ഒതുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഒരു വൈറോളജിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല.

കൂടാതെ ആവശ്യമുള്ള ഉപകരണങ്ങളുമില്ല.  നിപ ഭീഷണിക്ക് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.  മാരകരോഗങ്ങൾ സ്ഥിരീകരിക്കാൻ സാംപിളുകൾ പൂനെയിലേക്ക് അയച്ച് ഫലത്തിനായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കലായിരുന്നു ലക്ഷ്യം.

കഴിഞ്ഞ ഓഗസ്റ്റോടെ പ്രവർത്തനം തുടങ്ങാനായിരുന്നു ശ്രമം. പ്രവർത്തനം തുടങ്ങും മുമ്പ് തന്നെ പ്രമുഖ മൈക്രോ ബയോളജിസ്റ്റ് ഡോക്ടർ വില്യം ഹാളിനെ രണ്ട് വർഷത്തേക്ക് ഉപദേശകനായി നിയമിച്ചു. ഒപ്പം എട്ട് വിഭാഗങ്ങളിലായി 160 ലധികം വിദഗ്ധരെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. ഇതുവരെ അനുമതി നൽകിയത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സീനിയർ പ്രിൻസിപ്പൾ വൈറോളജിസ്റ്റ് എന്നീ തസ്തികകൾക്ക് മാത്രം. ഈ രണ്ടിലും നിയമനവുമായില്ല.

കോടികൾ മുടക്കിയായിരുന്നു 25 ഏക്കറിൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ നിർമ്മാണം. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു ചുമതല. ഏറ്റവും മികച്ച വൈറോളജിസ്റ്റുകളെ കണ്ടെത്താനുള്ള പ്രയാസമാണ് ശാസ്ത്രസാങ്കേതിക വകുപ്പ് ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉപകരണങ്ങൾ വൈകാതെ എത്തുമെന്നും വിശദീകരിക്കുന്നു.  

ആറു മാസത്തിനുള്ളിൽ ഇൻറസ്റ്റിറ്റ്യൂട്ട് പ്രവർത്തന സജ്ജമാകുമെന്നാണ് പുതിയ വാഗ്ദാനം. പിണറായി സർക്കാരിന്‍റെ ആയിരം ദിവസത്തെ നേട്ടങ്ങളിലടക്കം ഉൾപ്പെടുത്തിയ സ്ഥാപനമാണ് ഈ കൊറോണ ഭീഷണി കാലത്തും പ്രയോജനമില്ലാതെ നോക്കുകുത്തിയാകുന്നത്.

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്