
കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. മിഥുൻ എന്നയാളാണ് തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.
കേസിൽ രണ്ട് പ്രതികൾ കഴിഞ്ഞയാഴ്ച തലശ്ശേരി കോടതിയിൽ കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാക കീഴടങ്ങിയത്. ഇരുവരും കേസിൽ മുഖ്യ പങ്കുള്ളവരാണ്.
Read Also: സിഒടി നസീര്‍ വധശ്രമക്കേസ്: രണ്ടുപേര്‍ കൂടി കീഴടങ്ങി
അതേസമയം, സിഒടി നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സിഐയെ സ്ഥലംമാറ്റിയിട്ടുണ്ട്. തലശ്ശേരി സിഐ വി കെ വിശ്വംഭരനെയാണ് കാസർകോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയത്. കേസിൽ ആരോപണ വിധേയനായ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെയാണ് സ്ഥലംമാറ്റം. തലശ്ശേരിയിൽ പുതിയ സിഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു.
അന്വേഷണ സംഘത്തിലുള്ള തലശ്ശേരി എസ്ഐ ഹരീഷിനും ഉടൻ സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. കേസിന്‍റെ നിർണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. ആക്രമണത്തിന്റെ ഗൂഢാലോചനയിൽ എ എൻ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു.
Read Also: സിഒടി നസീർ വധശ്രമം: ഷംസീറിന്‍റെ മൊഴിയെടുക്കും മുമ്പേ അന്വേഷണ സംഘത്തലവന് സ്ഥലംമാറ്റം
മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സിഒടി നസീർ ആക്രമിക്കപ്പെട്ടത്. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീർ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ കേസില്‍ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015 ലാണ് നസീർ പാർട്ടിയുമായി അകന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam