കണ്ണൂര്‍:  സിഒടി നസീര്‍ വധശ്രമക്കേസില്‍ രണ്ടുപേര്‍ കൂടി കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ  കീഴടങ്ങിയത്. കേസിൽ മുഖ്യ പങ്കുള്ളവരാണ് കീഴടങ്ങിയവര്‍. ഇവരുടെ മുൻകൂർ ജാമ്യഅപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. 

ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണവും 9 ആയി. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. 

കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.  തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീർ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ കേസില്‍ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ൽ നസീർ പാർട്ടിയുമായി അകന്നത്.