
തലശ്ശേരി: സിഒടി നസീർ വധശ്രമക്കേസിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന്‍റെ മൊഴിയെടുക്കും. ഷംസീർ എംഎൽഎക്ക് ഉടൻ നോട്ടീസ് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഷംസീറിന് പങ്കുണ്ടെന്ന് നസീർ നിരന്തരം ആരോപിച്ചിരുന്നു.
തലശ്ശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എംഎൽഎയ്ക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും തന്നെ എംഎൽഎ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും നസീർ പൊലീസിന് മൊഴി നൽകിയിരുന്നു. കേസിൽ ഗൂഢാലോചന നടത്തിയതിന് ഷംസീറിന്റെ മുൻ സഹായിയും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന രാകേഷിനെ അടക്കമുള്ളവരെ പൊലീസ് പിടികൂടിയിരുന്നു.
രാകേഷാണ് നസീറിനെ ആക്രമിക്കാൻ തനിക്ക് നിർദ്ദേശം നൽകിയതെന്നാണ് കേസിലെ മുഖ്യ പ്രതി പൊട്ടിയൻ സന്തോഷിന്‍റെ മൊഴി. ഇതിന് പിന്നാലെ പൊലീസ് രാകേഷിന്റെ മൊഴിയെടുത്തു. നസീറിനോട് പാർട്ടി അണികൾക്കുള്ള രോഷമാണ് ആക്രമണത്തിന് പദ്ധതിയിടാൻ കാരണമെന്നും മറ്റാരുടേയും നിർദ്ദേശമില്ലെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു. രാകേഷ് ഉപയോഗിച്ചിരുന്ന കാറിലായിരുന്നു ആദ്യം ഗൂഢാലോചന നടത്തിയത്. ഗൂഢാലോചനയിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് നസീർ.
അതേസമയം എഎൻ ഷംസീറിന്റെ മൊഴി എന്നെടുക്കുമെന്ന് പൊലീസ് തീരുമാനിച്ചിട്ടില്ല. ഗൂഢാലോചനയിൽ അന്വേഷണം തൃപ്തികരമല്ലങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് നസീറിന്റെ തീരുമാനം. കോടതിയിൽ നിന്നും വിമർശനം ഒഴിവാക്കാനാണ് വൈകിയെങ്കിലും ഷംസീറിന്‍റെ മൊഴിയെടുക്കാൻ പൊലീസ് തയ്യാറായതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam