'കോടതിയില്‍ നേരിട്ട് ഹാജരാകണം'; ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം

By Web TeamFirst Published Sep 18, 2020, 1:36 PM IST
Highlights

മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12 ന് കോടതിയില്‍ ശ്രീറാം നേരിട്ട് ഹാജരാകണം. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ശ്രീറാം ഹാജരായിട്ടില്ല. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്‍റെ മൂക്കിന് മുന്നിലുണ്ടായ അപകടത്തിൽ തുടക്കം മുതൽ ശ്രീറാമിനെ രക്ഷിക്കാൻ നടന്ന ഉന്നതതല നീക്കങ്ങൾ കേരളം വലിയ രീതിയിൽ ചർച്ച ചെയ്തതാണ്. 

മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും കേസ് എടുക്കാൻ ആദ്യം പൊലീസ് മടിച്ചു. ശ്രീറാമിന്‍റെ നിർബന്ധത്തിന് വഴങ്ങി മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനപോലും നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കും പറഞ്ഞയച്ചു .  ഒടുവിൽ കടുത്ത സമ്മർദ്ദം ഉയർന്നപ്പോൾ മാത്രം കേസെടുത്തു. സ്വകാര്യ ആശുപത്രിയിൽ വളരെ വൈകി നടത്തിയ പരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ കഴിയാത്തതോടെ കേസ് ശ്രീറാമിന്‍റെ വഴിക്കായിത്തുടങ്ങി. വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു.

ഇത് ശരിയല്ലെന്ന വഫ തന്നെ മൊഴി നൽകി. ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. പിന്നാലെ ശ്രീറാമിന് സസ്പെൻഷൻ നല്‍കി. ശ്രീറാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരു ദിവസം പോലും ജയിലിൽ കഴിയാതെ ആശുപത്രിയിൽ താമസത്തിന് അവസരമൊരുക്കി. ലോക്കൽ പൊലീസിൽ നിന്നും പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും പല തവണയും സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടുകൾ ശ്രീറാമിന് അനുകൂലമായിരുന്നു. ഇതിനിടെ ഐഎഎസ് ലോബിയുടെ സമ്മർദ്ദത്തിനൊടുവിൽ ചീഫ് സെക്രട്ടറിയുടെ ശുപാർശ പ്രകാരം ശ്രീറാമിനെ സർവ്വീസിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. 

click me!