തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തും സംസ്ഥാനത്തെമ്പാടും പ്രതിഷേധം ഏഴാം ദിവസവും തുടരുന്നു. മന്ത്രിയെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിറ്റേന്ന് വീണ്ടും സംസ്ഥാനത്തെ തെരുവുകൾ യുദ്ധക്കളമായി. ഭരണസിരാകേന്ദ്രങ്ങളിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും യുവമോർച്ചയും എത്തിയപ്പോൾ, കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധവുമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐയും തെരുവിലിറങ്ങി.
സെക്രട്ടേറിയറ്റിലേക്ക് കർഷകമോർച്ച നടത്തിയ മാർച്ചിൽ രണ്ട് തവണ ജലപീരങ്കി പ്രയോഗമുണ്ടായി. കോട്ടയത്ത് കളക്ടറേറ്റിലേക്ക് കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. പിന്നീടുണ്ടായ സംഘർഷത്തിൽ ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന് തലയ്ക്ക് പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ച് അൽപസമയത്തിനകം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീണ്ടും കളക്ടറേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു. ഇവിടെയെത്തിയ പൊലീസുമായും ഉന്തും തള്ളുമുണ്ടായി. ഒടുവിൽ ജലപീരങ്കി പ്രയോഗവും. ഇതിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്തു കുര്യന് തലയ്ക്ക് പരിക്കേറ്റു.
തത്സമയസംപ്രേഷണം:
ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം -കോട്ടപ്പടി റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലേക്ക് ജലപീരങ്കിപ്രയോഗമുണ്ടായി, പിന്നാലെ ലാത്തിച്ചാർജും. യൂത്ത് ലീഗ് പ്രവർത്തകർ കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ചു.
കെ ടി ജലീലും എം സി കമറുദ്ദീനും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കാസർകോട് കളക്‌ട്രേറ്റിലേക്ക് യുവമോർച്ച മാർച്ച് നടത്തി. കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകർ പൊലീസിനെ മറികടന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറിയതോടെ പൊലീസ് രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ചു. ജലീലിന്‍റെ രാജി ആവശ്യം ഉന്നയിച്ച് ഇടുക്കി നെടുംകണ്ടം സിവിൽ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസും മാർച്ച് നടത്തി.
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് ബിജെപിയും മാർച്ച് നടത്തി. പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐയും ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങി. എറണാകുളം ബിഎസ്എൻഎൽ ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. തിരുവനന്തപുരം ജിപിഒ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധ ധർണയും നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam