നടി കേസ് അന്വേഷണ ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹർജി, എഡിജിപി വിശദീകരണം നൽകി  

By Web TeamFirst Published Apr 18, 2022, 1:51 PM IST
Highlights

ബൈജു പൗലോസ് നല്‍കിയ  വിശദീകരണം ത്യപ്തികരമല്ലന്ന കോടതി പരാമർശത്തെ തുടർന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി  വിശദീകരണം നല്‍കിയത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൌലോസിനെതിരായ കോടതി അലക്ഷ്യ നടപടിയിൽ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണം നൽകി. ബൈജു പൗലോസ് നല്‍കിയ  വിശദീകരണം ത്യപ്തികരമല്ലന്ന കോടതി പരാമർശത്തെ തുടർന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി  വിശദീകരണം നല്‍കിയത്. 

പ്രോസിക്യൂഷൻ അഭിഭാഷക൪ വഴിയാണ് റിപ്പോർട്ട് വിചാരണ കോടതിയിൽ നൽകിയത്. കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കോടതി നിർദേശം ലംഘിച്ചുവെന്ന പ്രതിഭാഗം പരാതിയിലാണ് വിചാരണ കോടതി വിശദീകരണം തേടിയത്. കേസിന്‍റെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തേക്ക് കൂടി അന്വേഷണ കാലാവധി നീട്ടണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിചാരണ കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ അടക്കം എല്ലാ കേസുകളും വരുന്ന 21 ന് വീണ്ടും പരിഗണിക്കും.

ദിലീപിന്‍റെ സഹോദരനേയും സഹോദരീ ഭർത്താവിനെയും വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് നൽകി

നടിയെ ആക്രമിച്ച കേസിൽ (Actress Assault Case) ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി നോട്ടീസ് നൽകി അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്.

സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും, ദിലീപിനെ  ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 

ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്

ശബരിമലയില്‍ (Sabarimala) ദര്‍ശനം നടത്തി നടന്‍ ദിലീപ് (Dileep). സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്ത്, മാനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. രാത്രി ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൌസില്‍ തങ്ങിയ സംഘം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മാളികപ്പുറത്തും ഇവര്‍ ദര്‍ശനം നടത്തി. തന്ത്രിയെ സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും നടത്തി. സന്നിധാനത്ത് ഏറെ നേരം ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.


 

click me!