ആസൂത്രണ കമ്മീഷൻ നിർത്തലാക്കിയത് സംസ്ഥാനങ്ങളുടെ വികസനത്തിന് തിരിച്ചടിയായെന്ന് എൻഐപിഎഫ്‌പി (NIPFP) പഠനം തെളിയിച്ചതായി മുഖ്യമന്ത്രി. ആസൂത്രണ ബോർഡ് നിലനിർത്തിയ കേരളത്തിൽ മൂലധനച്ചെലവ് വർധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഇത് കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

തിരുവനന്തപുരം: രാജ്യത്ത് ആസൂത്രണ കമ്മീഷനും സംസ്ഥാന ആസൂത്രണ ബോർഡുകളും നിർത്തലാക്കിയത് വികസന കുതിപ്പിന് തിരിച്ചടിയായെന്ന് പഠനത്തിൽ തെളിഞ്ഞെന്ന് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കേരളത്തിൻ്റെ നേട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കേന്ദ്രത്തിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. ആസൂത്രണ ബോര്‍ഡ് നിലനിര്‍ത്തുകയും ബജറ്റിലെ പദ്ധതി-പദ്ധതിയേതര വ്യത്യാസങ്ങള്‍ തുടരുകയും ചെയ്ത കേരളത്തിന്‍റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വഴിയുള്ള ബൃഹത്തായ നിക്ഷേപങ്ങള്‍ ഉൾപ്പെടുത്താതെയുള്ളതാണ് കണക്കെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി നടത്തിയ പഠനം അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ടായിരുന്ന ഒന്നാണ് ആസൂത്രണ പ്രക്രിയ. അതിന് വലിയ രീതിയിലുള്ള തടസ്സങ്ങള്‍ നേരിട്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്തിന്‍റെ വികസനത്തിന് വ്യക്തമായ ദിശാബോധം നല്‍കിയിരുന്ന ആസൂത്രണ കമ്മീഷനെ 2015ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി. അത് വലിയൊരു നയപരമായ മാറ്റത്തിന്‍റെ തുടക്കമായിരുന്നു. വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ആസൂത്രണ കമ്മീഷന്‍ അടച്ചുപൂട്ടുക എന്നത്. പകരമായി നീതി ആയോഗ് നിലവില്‍ വന്നതോടെ, ദശകങ്ങളായി നിലനിന്നിരുന്ന പദ്ധതി-പദ്ധതിയേതര വിഭജനം കേന്ദ്ര ബജറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായി. സാങ്കേതികവും ശാസ്ത്രീയവുമായ ആസൂത്രണത്തിന് പകരം ബജറ്റ് വിഹിതത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ധനമന്ത്രാലയത്തിന്‍റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും മാത്രമായി വിട്ടുകൊടുക്കുന്ന അവസ്ഥയുണ്ടായി.

കേന്ദ്രത്തിന്‍റെ ഈ നടപടിക്ക് പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ആസൂത്രണ ബോര്‍ഡുകള്‍ പിരിച്ചുവിട്ടു. ബജറ്റുകളിലെ പദ്ധതി-പദ്ധതിയേതര വ്യത്യാസങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ആസൂത്രണം ഉപേക്ഷിക്കുന്നതിലൂടെ റവന്യൂ ചെലവുകള്‍ കുറയ്ക്കാനാവുമെന്നും കൂടുതല്‍ തുക വികസനപ്രവര്‍ത്തനങ്ങള്‍ക്കായി (മൂലധന ചെലവ്) മാറ്റിവെക്കാനാവുമെന്നുമാണ് അന്ന് ഇതിന്‍റെ വക്താക്കള്‍ ഉയര്‍ത്തിയ പ്രധാന വാദം. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ പുറത്തുവന്ന പഠനങ്ങള്‍തെളിയിക്കുന്നു. ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (NIPFP) നടത്തിയ പുതിയ പഠനം ശ്രദ്ധിക്കേണ്ടതാണ്.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട 18 സംസ്ഥാനങ്ങളുടെ ശരാശരി മൂലധന ചെലവ് മൊത്തം ചെലവിന്‍റെ 12.8 ശതമാനമായിരുന്നു. ആസൂത്രണ ബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതിന് ശേഷമുള്ള 2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ഇത് 11.3 ശതമാനമായി കുറഞ്ഞു. തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇത് 12.2 ശതമാനത്തില്‍ എത്തിയെങ്കിലും ആസൂത്രണ ബോര്‍ഡുകള്‍ ഉണ്ടായിരുന്ന കാലത്തെ അപേക്ഷിച്ച് ഇപ്പോഴും പിന്നിലാണ്. ചുരുക്കത്തില്‍, ആസൂത്രണ സംവിധാനങ്ങള്‍ ഉപേക്ഷിച്ചത് വഴി സംസ്ഥാനങ്ങളില്‍ മൂലധന നിക്ഷേപം വര്‍ദ്ധിച്ചില്ല. അത് കുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

പഠന റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ ചിത്രം തികച്ചും വ്യത്യസ്തമാണ്. കേന്ദ്രം ആസൂത്രണ കമ്മീഷനെ ഉപേക്ഷിച്ചപ്പോഴും ആസൂത്രണ പ്രക്രിയയുമായി ശക്തമായി മുന്നോട്ട് പോകാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. ആസൂത്രണ ബോര്‍ഡ് നിലനിര്‍ത്തുകയും ബജറ്റിലെ പദ്ധതി-പദ്ധതിയേതര വ്യത്യാസങ്ങള്‍ തുടരുകയും ചെയ്ത കേരളത്തിന്‍റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് കേരളത്തിന്‍റെ മൂലധന ചെലവ് 6.3 ശതമാനമായിരുന്നു. ആസൂത്രണ ബോര്‍ഡുകള്‍ ഇല്ലാതാക്കി മറ്റു സംസ്ഥാനങ്ങള്‍ തളര്‍ന്നപ്പോള്‍ കേരളം ആസൂത്രണം ശക്തിപ്പെടുത്തിയതിലൂടെ 2017-22 കാലയളവില്‍ ഇത് 7.5 ശതമാനമായി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നുളള 2022-24 വര്‍ഷങ്ങളില്‍ ഇത് 8.2 ശതമാനമായി വീണ്ടും ഉയര്‍ന്നു.

ബജറ്റ് കണക്കുകള്‍ മാത്രം ആധാരമാക്കിയുള്ള എന്‍.ഐ.പി.എഫ്.പി (NIPFP) പഠനത്തില്‍ കിഫ്ബി വഴിയുള്ള ബൃഹത്തായ നിക്ഷേപങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. കിഫ്ബിക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം കേന്ദ്ര ബജറ്റ് വര്‍ഗ്ഗീകരണമനുസരിച്ച് റവന്യൂ ചെലവായാണ് കണക്കാക്കുന്നത്. ഈ തുക കൂടി പരിഗണിച്ചാല്‍ കേരളത്തിലെ മൂലധന ചെലവ് റിപ്പോര്‍ട്ടില്‍ പറയുന്നതിനേക്കാള്‍ എത്രയോ മുകളിലാണ്. ആസൂത്രണ ബോര്‍ഡിന്‍റെ ശാസ്ത്രീയമായ ഇടപെടലുകള്‍ വഴി അനാവശ്യമായ റവന്യൂ ചെലവുകള്‍ നിയന്ത്രിക്കാനും കൃത്യമായ ധനകാര്യ മാനേജ്മെന്‍റിലൂടെ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാനും നമുക്ക് സാധിച്ചു.

ആസൂത്രണം ഒരു അനാവശ്യ ഭാരമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് കേരളം കൈവരിച്ച ഈ നേട്ടം. ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് വിഭവങ്ങള്‍ വിന്യസിക്കാന്‍ ശാസ്ത്രീയമായ ആസൂത്രണം അത്യാവശ്യമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആസൂത്രണ പ്രക്രിയയ്ക്ക് നല്‍കുന്ന പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെ കേരളം വികസന പാതയില്‍ മുന്നോട്ട് പോകും.