
തിരുവനന്തപുരം: ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജു കുറ്റക്കാരമെന്ന് കോടതി. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ വരെ ആൻ്റണി രാജുവിനെതിരെ തെളിഞ്ഞതായി നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചു. മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണ്. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്.
നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.
മുഖ്യ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച ഹൈക്കോടതി വിദേശിയെ വെറുതെവിട്ടു. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജനമോഹൻ നിയപോരാട്ടം തുടങ്ങുന്നത്. അദ്ദേഹത്തിൻ്റെ പരാതിയില്‍ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തിയ അട്ടിമറി കണ്ടെത്തി.വഞ്ചിയൂർ പൊലിസ് 1994ൽ കേസെടുത്തുവെങ്കിലും പല പ്രാവശ്യം അന്വേഷണം അട്ടിമറിച്ചു. 2006 ഉത്തരമേഖല ഐജിയായിരുന്ന ടിപി സെൻകുമാർ നിയോഗിച്ച പ്രത്യേക സംഘമാണ് ആൻ്റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.
വഞ്ചിയൂർ കോടതിയിൽ വർഷങ്ങളോളം കേസിൽ വിചാരണ നടക്കാതെ കിടന്നു. ഒടുവിൽ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. 22 പ്രാവശ്യം മന്ത്രിയായിരുന്നപ്പോള്‍ കേസ് പരിഗണിച്ചു മാറ്റി. വർഷങ്ങള്‍ നീണ്ട തൊണ്ടി കേസ് എങ്ങുമെത്താത്ത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയായി. ന്യൂസ് അവർ ചർച്ച ചെയ്തു. വീണ്ടും കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ ആൻ്റണി രാജു കേസ് റദ്ദാക്കാൻ സുപ്രീം കോടതി വരെ പോയി. പക്ഷെ വിചാരണ നടത്താൻ കോടതി ഉത്തരവിട്ടു. ഒടുവിലാണ് നിർണായക വിധി പുറത്തുവന്നിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
1990 ഏപ്രില്‍ 4 - ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam