
കൊല്ലം: തെന്‍മലയില്‍ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തെന്‍മല എസ് എച്ച് ഒ ആയിരുന്ന വിശ്വംഭരന്‍, എസ് ഐ ഡി.ജെ.ശാലു എന്നിവര്‍ക്കെതിരെയാണ് കൊട്ടാരക്കര എസ് സി- എസ് ടി കോടതിയുടെ നടപടി. പരാതിക്കാരനായ രാജീവ് പൊലീസ് സ്റ്റേഷനില്‍ അതിക്രമത്തിന് ഇരയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
2021 ഫെബ്രുവരിയില്‍ തെന്‍മല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയതായിരുന്നു രാജീവ്. രാജീവിന്‍റെ അമ്മയ്ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്‍റെ പേരില്‍ പണം തട്ടിയത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ രസീത് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ പൊലീസുകാര്‍ ജാതീയമായി അധിക്ഷേപിക്കുകയും കൈവിലങ്ങ് വെച്ച് മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തെന്നാണ് രാജീവിന്‍റെ പരാതി. നേരിട്ട പീഡനത്തിന് നീതി തേടി രാജീവ് ഇപ്പോഴും നിയമ പോരാട്ടം തുടരുകയാണ്. നാല് വര്‍ഷം നീണ്ട നിയമയുദ്ധം എത്തി നിൽക്കുന്നത് കൊട്ടാരക്കര എസ്.സി എസ്.ടി കോടതിയുടെ നടപടിയിലാണ്. അന്ന് തെന്‍മല എസ്.എച്ച്.ഒ ആയിരുന്ന വിശ്വംഭരന്‍, എസ്.ഐ ഡി.ജെ ശാലു എന്നിവര്‍ക്കെതിരെ എസ്.എസി എസ്.ടി അതിക്രമത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
താന്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്ന് രാജീവ് പറയുന്നു. പൊലീസിന്‍റെ ഭാഗത്തു നിന്ന് നീതി ലഭിക്കുന്നില്ല.രാജീവിന്‍റെ പരാതിയുടെ പശ്ചാത്തലത്തില്‍ വിശ്വഭരനെ സസ്പെന്‍ഡ് ചെയ്തിരുന്നു.എന്നാല്‍ എസ്.ഐക്കതെിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങി. രാജീവ് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനെ സമീപിച്ചതോടെയാണ് ഡി.ജെ ശാലുവിന്‍റെ ഒരു വര്‍ഷത്തെ വാര്‍ഷിക വേതന വര്‍ധന തടഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam