ശബരിമല സ്ത്രീ പ്രവേശനം, പൗരത്വനിയമഭേദഗതി; കേസുകള്‍ പിൻവലിക്കാൻ പ്രത്യേകം ഉത്തരവുകള്‍ വേണമെന്ന് കോടതികള്‍

By Web TeamFirst Published Aug 31, 2021, 11:45 AM IST
Highlights

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാറെടുത്ത നിർണായ തീരുമാനയിരുന്നു ശബരിമല- പൗരത്വ പ്രതിഷേധ കേസുകകളുടെ പിൻവലിക്കൽ. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിൻവലിക്കാനായിരുന്നു തീരുമാനം. 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം - പൗരത്വനിയമഭേദഗതി പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കുന്നതിൽ നിയമതടസ്സമുന്നയിച്ച് കോടതികള്‍. പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ 835 കേസുകളിൽ പിൻവലിക്കാനായത് രണ്ടു കേസുമാത്രം. ശബരിമല സ്ത്രീപ്രവേശന സമരത്തിൽ രജിസ്റ്റർ ചെയ്ത 1300 ലധികം കേസുകളിൽ പിൻവലിച്ചത് എട്ടു കേസുകളും

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാറെടുത്ത നിർണായക തീരുമാനമായിരുന്നു ശബരിമല- പൗരത്വ പ്രതിഷേധ കേസുകളുടെ പിൻവലിക്കൽ. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിൻവലിക്കാനായിരുന്നു തീരുമാനം. പക്ഷെ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയാണ് സർക്കാർ കേസു പിൻവലിക്കുന്നതിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പുറത്തുകൊണ്ടുവന്നത്. പൗരത്വ സമര കേസുകളിൽ 835 കേസുകള്‍ പിൻവലിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും രണ്ടെണ്ണം മാത്രമാണ് പിൻവലിച്ചതെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. 

സമാനമായ പ്രശ്നം ശബരിമല കേസിലുമുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 1300 ലധികം കേസുകളാണ്. ഇതിൽ ഗുരുതര സ്വഭാവമുള്ള 290 കേസുകള്‍ ഒഴികെ ബാക്കി കേസുകള്‍ പിൻലിക്കാൻ ഉത്തരവിറക്കിയിരുന്നു. പക്ഷെ പിൻവലിച്ചത് എട്ടു കേസുകള്‍ മാത്രം. കേസുകള്‍ പിൻവലിക്കാനുള്ള ഉത്തരവുമായി സർക്കാർ അഭിഭാഷകർ കോടതിയെ സമീപിച്ചപ്പോഴാണ് തിരിച്ചടിയുണ്ടായത്. ബഹുഭൂരിപക്ഷ കോടതികളും സർക്കാർ ഉത്തരവ് തള്ളി. കേസുകള്‍ പിൻവലിക്കുമ്പോള്‍ പ്രത്യേകം ഉത്തരവുകളാണ് ഇറക്കുന്നത്.

ഓരോ കേസിൻറെ യും നമ്പർ, കേസിൻറെ സ്വഭാവം, പിൻവലിക്കാനുള്ള കാരണം എന്നിവ വിശദമാക്കി ഉത്തരവിറക്കണമെന്നാണ് വ്യവസ്ഥ. ഒറ്റ ഉത്തരവിൽ എല്ലാ കേസുകളും പിൻവലിക്കാനാവില്ലെന്ന് നിലപാട് എടുത്തതോടെ സർക്കാർ അഭിഭാഷകർ ഇക്കാര്യം ആഭ്യന്തര-നിയമവകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ ഓരോ കേസും പിൻവലിക്കാൻ പ്രത്യേകം പ്രത്യേകം ഉത്തരവിറക്കേണ്ട സാഹചര്യമായി. പൊലീസ് ആസ്ഥാനത്തും- ആഭ്യന്തരവകുപ്പിലുമായി ഓരോ കേസുകളും പരിശോധിച്ച് പിൻവലിക്കൽ ഉത്തരവുകളിറക്കേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!